പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചപ്പോൾ.
വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവ് ആനയടിയൻപരുതയിൽ മുനിയറകൾ തകർത്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരേ ശിക്ഷാ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് കത്ത് നൽകി.
മുനിയറകളുള്ള പതിനേഴര ഏക്കറോളം വരുന്ന പാറപ്പുറമായ കുന്നിൻ പ്രദേശം സർക്കാർ പുറമ്പോക്ക് ഭൂമിയാണെന്നും പ്രദേശം അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. ഒരാഴ്ചമുമ്പാണ് പ്രദേശത്ത് പൂർണതോതിലുണ്ടായിരുന്ന ഏക മുനിയറകൂടി ആസൂത്രിതമായി തകർക്കപ്പെട്ടത്. ഇരുപതിലേറെ മുനിയറകളുണ്ടായിരുന്നത് നേരത്തെ പല ഘട്ടങ്ങളിലായി നശിപ്പിക്കുകയുണ്ടായിട്ടുണ്ട്.
നാട്ടുകാരുടെ പൊതുതാത്പര്യ പരാതിയെതുടർന്ന് മംഗലംഡാം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകണമെന്നും വീഴ്ചയുണ്ടായാൽ ഉന്നതാധികാരികൾക്ക് പരാതി നൽകുന്നതിനൊപ്പം ശക്തമായ പ്രതിഷേധവുമായി രംഗത്തുവരാനാണ് നാട്ടുകാരുടെ തീരുമാനം.
Tags : Muniyaral