കുളത്തൂപ്പുഴ : റോഡ് കുണ്ടുംകുഴിയും വെള്ളക്കെട്ടുകളായി മാറിയിട്ടും ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാരോപിച്ച് പാതയിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
കുളത്തൂപ്പുഴ ടൗൺ വാർഡിന്റെ ഭാഗമായ പതിനാറേക്കർ പാതയിലാണ് പ്രതിഷേധം അരങ്ങേറിയത്. കൃഷിഭവൻ, മൃഗാശുപത്രി, കർഷകവിപണി, പഞ്ചായത്ത് സ്റ്റേഡിയം എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡാണ് പൊട്ടിപൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുന്നത്.
പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഏറെക്കാലമായി നാട്ടുകാർ ഉയർത്തുന്നുണ്ട്. മഴയത്ത് ചെളിവെള്ളം ഒഴുകി പോകുന്നതിന് സൗകര്യമില്ലാത്തതിനാൽ വെള്ളക്കെട്ട് മറികടന്നുവേണം വിദ്യാർഥികളും നാട്ടുകാരുംകുളത്തൂപ്പുഴ ടൗണിലേക്ക് എത്തേണ്ടത്.
കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ട് രുക്ഷമായതോടെയാണ് പ്രദേശവാസികൾ പ്രതിഷേധം നടത്തിയത്.
അതേ സമയം, പതിനാറേക്കർ പാതയുടെ നിർമാണ പ്രവൃത്തികൾക്കായി പഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നും തുടർച്ചയായി മഴപെയ്യുന്നതിനാലാണ് നിർമാണം ആരംഭിക്കാത്തതെന്നും ഉടനടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുമെന്നും വാർഡംഗം കുടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി. ലൈലാബീവി അറിയിച്ചു.
Tags : Kulathupuzha Kollam