മഞ്ചേരി: ശക്തമായ മഴയില്‍ ചോര്‍ന്നൊലിച്ച് മഞ്ചേരി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം. ആശുപത്രിക്കകത്തെ ഫാര്‍മസിക്ക് സമീപവും ചോര്‍ച്ചയുണ്ട്. മുറിവേറ്റവരെ ചികിത്സിക്കുന്ന ഡ്രസിങ്ങ് റൂമിലും സമാനമാണ് അവസ്ഥ. ഇവിടെയും സീലിങ്ങില്‍ നിന്നും വെള്ളം താഴോട്ട് ഊര്‍ന്നിറങ്ങുന്നു.
അത്യാഹിത വിഭാഗത്തിലെ പുരുഷന്മാരുടെ ഒബ്സര്‍വേഷന്‍ റൂം ഉള്‍പ്പെടെയാണ് ചോരുന്നത്. വെള്ളം നിലത്ത് വീഴാതിരിക്കാന്‍ ബക്കറ്റ് വെച്ചിരിക്കുകയാണ് ജീവനക്കാര്‍. രോഗികള്‍ വഴുതി വീഴാതിരിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് അത്യാഹിത വിഭാഗം നവീകരിച്ചത്. നിര്‍മാണത്തിലെ അപാകതയാണ് ചോര്‍ച്ചക്ക് കാരണമെന്നാണ് പരാതി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് ദിവസവും ആശുപത്രിയിലെത്തുന്നത്.
അത്യാഹിത വിഭാഗത്തിലെ സൗകര്യക്കുറവ് രോഗികളെ ചികിത്സിക്കുന്നതിലടക്കം ബാധിച്ചിരുന്നു.
ഇതോടെയാണ് അത്യാഹിത വിഭാഗം നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ചോര്‍ച്ച പൂര്‍ണ്ണമായും പരിഹരിച്ചില്ലെങ്കില്‍ ചോര്‍ച്ച കൂടുകയും അത് കെട്ടിടത്തെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ആശുപത്രിയിലെത്തുന്നവര്‍.
Tags : Hospital