ഇരിട്ടി: കൊട്ടിയൂർ തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിനു പിറകിലിടിച്ച് ആറുപേർക്കു പരിക്ക്. എറണാകുളത്തുനിന്നും എത്തിയ തീർഥാടകർ കൊട്ടിയൂർ ദർശനം കഴിഞ്ഞ് പറശിനിക്കടവിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കെ. കെ. മായ (57) വടുതല, ഷീല ഹരിദാസ് (58) കുമ്പളം, ശുഭ മുരളി (56) ചിറ്റൂർ, എറണാകുളം സ്വദേശികളായ ശ്രീനികുമാർ (52), ടി.സി. സീമ (45), സി.എസ്. ശ്രീരാഗ് (16) എന്നിവർക്കാണു പരിക്കേറ്റത്. ഇവർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാവിലെ 8.30 ഓടെ ഇരിട്ടി-തളിപ്പറമ്പ് റോഡിൽ പെരുമ്പറമ്പ് സ്കൂൾ കയറ്റത്തിലായിരുന്നു അപകടം. കൊട്ടിയൂരിൽ ദർശനം കഴിഞ്ഞ് കണ്ണൂർ പറശിനിക്കടവിലേക്ക് പോവുകയായിരുന്ന തീർഥാടക സംഘം സഞ്ചരിച്ച ട്രാവലർ ഇതിനു മുന്നിലായി തളിപ്പറമ്പിലേക്കു പോവുകയായിരുന്ന കെഎസ് ആർടിസി ബസിന്റെ പിറകിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ട്രാവലറിന്റെ ഉള്ളിൽ കുടുങ്ങിപ്പോയവരെ ഇരിട്ടി സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയെത്തി വാതിൽ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അസിസ്റ്റന്റ് ഓഫീസർ എൻ.ജി. അശോകൻ, ഫയർമാൻമാരായ എ.സി. ഷാനിഫ്, ജസ്റ്റിൻ ജയിംസ്, സി.വി. സൂരജ്, ഹോംഗാർഡ് വി. രമേശൻ, ധനേഷ്, സരീഷ് എന്നിവരും അഗ്നിരക്ഷാസേനയുടെ സംഘത്തിലുണ്ടായിരുന്നു.
Tags :