കട്ടപ്പന: മുനിസിപ്പാലിറ്റി കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം 3.30നു കട്ടപ്പന ടൗണിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. കട്ടപ്പന നഗരസഭാ ചെയർപേഴ്സണ് ബീന ടോമി അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സണ് അഡ്വ. കെ.ജെ. ബെന്നി, ജല അഥോറിട്ടി മാനേജിംഗ് ഡയറക്ടർ ഡോ. പി.ബി. നൂഹ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, വാട്ടർ അഥോറിട്ടി മധ്യമേഖലാ ചീഫ് എൻജിനിയർ വി.കെ. പ്രദീപ് തുടങ്ങിയവർ പ്രസംഗിക്കും.
43 കോടി രൂപയുടെ കിഫ്ബ് പദ്ധതിയുടെയും 20.6 കോടി രൂപയപടെ അമൃത് രണ്ടാം ഘട്ട പദ്ധതിയുടെയും നിർമാണ ഉദ്ഘാടനമാണ് നടക്കുന്നത്. അമൃത് പദ്ധതിയുടെ ആദ്യഘട്ടം പുരോഗമിക്കുകയാണ്. അമൃത് രണ്ടാം ഘട്ട പദ്ധതി പ്രകാരം 42 കിലോമീറ്റർ വിതരണ ശൃംഖല സ്ഥാപിച്ച് 4000 കുടിവെള്ള കണക്ഷനുകളാണ് നൽകുന്നത്.
കട്ടപ്പന നഗരസഭയിലെ മുഴുവൻ വാർഡുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് മാസ്റ്റർ പ്ലാൻ വേണമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശ പ്രകാരം തയാറാക്കിയ പദ്ധതിക്കാണ് സർക്കാർ കിഫ്ബി മുഖേന 43 കോടി രൂപ അനുവദിച്ചിരിക്കുന്നത്. പദ്ധതിയനുസരിച്ച് അഞ്ചുരുളിയിൽ ജൽജീവൻ മിഷൻ വഴി സ്ഥാപിക്കപ്പെടുന്ന ജലശുദ്ധീകരണ ശാലയിൽ നിന്നു ശുദ്ധജലം കട്ടപ്പന നഗരസഭയിലെ കല്ലുകുന്ന് ടോപ്പിൽ നിർമിക്കുന്ന രണ്ടുലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയിലേക്ക് എത്തിച്ച് 62 കിലോമീറ്റർ പൈപ്പു ലൈൻ സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി നരിയംപാറയിൽ ജലസംഭരണിയും പന്പ്ഹൗസ് നിർമാണവും വിഭാവനം ചെയ്തിട്ടുണ്ട്.
Tags : Drinking Water