കൽപ്പറ്റ: നഗരസഭയിൽ ചെയർമാൻ തെരഞ്ഞെടുപ്പ് 30ന് രാവിലെ 11ന് നടത്തും. കോണ്‍ഗ്രസിലെ ടി.ജെ. ഐസക് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.
സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗം അടുത്ത ദിവസം ചേരും. ഡിസിസി പ്രസിഡന്റായി പാർട്ടി നേതൃത്വം നിയമിച്ചതിനു പിന്നാലെയാണ് ഐസക് ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. മടിയൂർ ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന പി. വിനോദ്കുമാർ നഗരസഭയുടെ അടുത്ത അധ്യക്ഷനാകുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകർ നൽകുന്ന സൂചന.
തെരഞ്ഞെടുപ്പിൽനിന്നു എൽഡിഎഫ് വിട്ടുനിൽക്കുമെന്നും അഭ്യൂഹമുണ്ട്. 28 കൗണ്‍സിലർമാരാണ് നഗരസഭയിൽ. യുഡിഎഫിനു 15 ഉം എൽഡിഎഫിനു 13ഉം കൗണ്‍സിലർമാരുണ്ട്. യുഡിഎഫിൽ മുസ്ലിം ലീഗിനു ഒന്‍പതും കോണ്‍ഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ് അംഗങ്ങളിൽ മൂന്നു പേർ വനിതകളാണ്.
ഇത്തവണ നഗരസഭാ ഭരണത്തിന്റെ തുടക്കത്തിൽ മുസ്ലിം ലീഗിലെ കെയെംതൊടി മുജീബ് ആയിരുന്നു ചെയർമാൻ. വൈസ് ചെയർപേഴ്സണ്‍ കോണ്‍ഗ്രസിലെ കെ. അജിതയും. യുഡിഎഫ് ധാരണയനുസരിച്ച് ഇവർ രാജിവച്ച മുറയ്ക്കാണ് ഐസക് ചെയർമാനും ലീഗിലെ സരോജിനി ഓടന്പത്ത് വൈസ് ചെയർപേഴ്സണുമായത്. സരോജിനി നിലവിൽ ആക്ടിംഗ് ചെയർപേഴ്സനാണ്.
മരവയൽ ഡിവിഷനിൽനിന്നള്ള കൗണ്‍സിലറാണ് ഇവർ. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യാനിരിക്കേ പുതിയ ചെയർമാന് കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് പദവിയിൽ തുടരാൻ കഴിയുക.
Tags : Kalpetta