പൊട്ടിപ്പൊളിഞ്ഞ കണ്ടൻകുളങ്ങര സിഎം റോഡ്.
അമ്പലപ്പുഴ: കണ്ടൻകുളങ്ങര സിഎം റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് ഒരു പതിറ്റാണ്ടോളമായി.
ദുരിതയാത്രയുമായി നിരവധി കുടുംബങ്ങൾ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12-ാം വാർഡ് വളഞ്ഞവഴി ബീച്ച് റോഡിൽനിന്ന് തുടങ്ങി കണ്ടംകുളങ്ങരയിൽ അവസാനിക്കുന്ന നാനൂറ് മീറ്ററോളം മാത്രം നീളമുള്ള പ്രധാന പാതയാണിത്.
പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ഏകയാത്രാമാർഗമായ ഈ റോഡ് ചെറിയ മഴയിൽപ്പോലും തോടായി രൂപാന്തരപ്പെട്ട് കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയാണ്.
വണ്ടാനം മെഡിക്കൽ കോളജാശുപത്രി, സർക്കാർ സ്ഥാപനങ്ങൾ ദേശീയ പാത എന്നിവിടങ്ങളിലെത്താനുള്ള എളുപ്പ മാർഗവും ഈ റോഡാണ്. ഇതുവഴി യാത്രചെയ്യുന്ന വിദ്യാർഥികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. സൈക്കിളിൽ എത്തുന്ന വിദ്യാർഥികൾ കുഴിയിൽ വീണ് അപകടമുണ്ടാവുന്നതും ഇവിടെ നിത്യസംഭവമാണ്.
അടിയന്തരമായി റോഡ് പുനർ നിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് കോൺഗ്രസ് എംസിഎച്ച് മണ്ഡലം സെക്രട്ടറി സജി പാറലിൽ ആവശ്യപ്പെട്ടു. റോഡിന്റെ ഈ ദുരവസ്ഥ തുടർന്നാൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Kandankulangara