ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ വികാരി ഫാ. വർഗീസ് കുത്തൂരിന്റെ നേതൃത്വത്തിൽ നടന്ന രൂ
ഒല്ലൂർ: പ്രാർഥനകൾക്ക് ഉത്തരമരുളുന്ന, അനുദിനജീവിതയാത്രയിൽ എന്നും കൂട്ടായ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിനു ഒല്ലൂരിൽ ഭക്തിനിർഭരമായ തുടക്കം. സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ ഭക്തജനങ്ങൾ തിങ്ങിനിറഞ്ഞ സ്വർഗീയാന്തരീക്ഷത്തിൽ നടന്ന കൂടുതുറക്കൽ ശുശ്രൂഷ ആയിരങ്ങൾക്ക് അനുഗ്രഹവർഷമായി. പൊന്തിഫിക്കൽ ദിവ്യബലിക്കും തുടർന്നുനടന്ന കൂടുതുറക്കൽശുശ്രൂഷയ്ക്കും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രത്യേക പന്തലിലേക്ക് എഴുന്നള്ളിച്ചതോടെ വിശ്വാസികളുടെ കണ്ഠങ്ങളിൽനിന്നു മാലാഖയോടുള്ള പ്രാർഥനാജപങ്ങൾ ഉയർന്നു.
സഹവികാരിമാരായ ഫാ. എഡ്വിൻ ഐനിക്കൽ, ഫാ. തേജസ് കുന്നപ്പിള്ളിൽ എന്നിവർ തിരുക്കർമങ്ങളിൽ സഹകാർമികരായി. തിരുസ്വരൂപം എഴുന്നള്ളിപ്പിനു വികാരി ഫാ. വർഗീസ് കുത്തൂർ, കൈക്കാരൻമാരായ ആന്റണി ജോർജ് അക്കര, ഷാജു പടിക്കല, ജോഫി ജോസ് ചിറമ്മൽ, ജെയ്സൻ പോൾ പ്ലാക്കൽ, കൺവീനർമാരായ പോൾ കുണ്ടുകുളം, എം.ഡി. ആന്റണി, റാഫി ചെമ്മണം, സെബി വല്ലച്ചിറക്കാരൻ എന്നിവർ നേതൃത്വം നൽകി. റവന്യൂ മന്ത്രി കെ. രാജൻ ചടങ്ങുകളിൽ പങ്കെടുത്തു.
മാലാഖയുടെ പന്തലിൽ രാത്രി പത്തുവരെ നീണ്ട നേർച്ചഊട്ടിൽ ആയിരങ്ങളാണ് പങ്കെടുത്തത്. രാത്രി വൈകി അഞ്ചു മേഖലകളിൽനിന്നുള്ള വള എഴുന്നള്ളിപ്പുകൾ പള്ളിയിൽ സമാപിച്ചു. തുടർന്നു ദിവ്യബലി ഉണ്ടായിരുന്നു. തിരക്കു നിയന്ത്രിക്കാനും ഗതാഗതക്രമീകരണത്തിനും പോലീസ് നടപടികൾ സ്വീകരിച്ചിരുന്നു. തിരുനാളിനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും ഏറെ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു.
തിരുനാൾദിനം ഇന്ന്
തിരുനാൾദിനമായ ഇന്നു രാവിലെ ആറുമുതൽ തുടർച്ചയായി ദിവ്യബലിയുണ്ടാകും. രാവിലെ 10 നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോൺസൻ അന്തിക്കാട്ട് സന്ദേശം നൽകും. ഫാ. ഗോഡ്വിൻ ചെമ്മണ്ട സഹകാർമികനാകും. രാവിലെ എട്ടുമുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെ മാലാഖയുടെ പന്തലിൽ നേർച്ചഭക്ഷണവിതരണം നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു ദിവ്യബലിക്ക് ഇടവകയിൽനിന്നുള്ള വൈദികർ കാർമികത്വം വഹിക്കും. തുടർന്നു തിരുനാൾപ്രദക്ഷിണം നടക്കും.