അഞ്ചല്‍ : പൊതുപരിപാടിയില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നു ഡിവൈഎഫ്ഐ നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കി.
ഡിവൈഎഫ്ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും ഏരൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഷൈന്‍ ബാബു, നസ്ലിം, ബുഹാരി, അക്ഷയ് ഉള്‍പ്പടെ നാലുപേരെയാണ് അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബൈപാസ് പരിസരത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ ഡിവൈഎഫ്ഐ സംസ്ഥാന, ജില്ലാ, പ്രാദേശിക നേതൃത്വം യാതൊരുവിധ പ്രതിഷേധത്തിനും ആഹ്വാനം ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും അങ്ങനെയുള്ളപ്പോള്‍ അനാവശ്യമായി ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും ആരോപിച്ചു സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളും പ്രവര്‍ത്തകരും അഞ്ചല്‍ പോലീസ് സ്റ്റേഷന് പരിസരത്ത് സംഘടിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി.
ഇതിനിടയില്‍ നേതാക്കളെ കസ്റ്റഡിയില്‍ എടുത്ത നടപടിയില്‍ പ്രതിഷേധിച്ചു ഒരു സംഘം പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ കടന്നു പോകുന്നതിനിടെ അഞ്ചല്‍ ബൈപാസില്‍ പ്രതിഷേധിച്ചു.
ഗവര്‍ണര്‍ കടന്നുപോയതിന് പിന്നാലെ കസ്റ്റഡിയില്‍ എടുത്ത നേതാക്കളെ വിട്ടയക്കാന്‍ സിഐ നിര്‍ദേശിച്ചു.
എന്നാല്‍ പുറത്തുപോകില്ലെന്നു ഷൈന്‍ ബാബു ഉള്‍പ്പെടെയുള്ളവര്‍ നിലപാട് എടുത്തതോടെ സ്റ്റേഷന് പരിസരം സംഘര്‍ഷഭരിതമായി. കസ്റ്റഡിയില്‍ എടുത്തത്തിന്റെ കാരണം വ്യക്തമാക്കണ മെന്നും സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് പ്രവർത്തകർ പോലീസുമായി വാക്കേറ്റം നടത്തി.
ഇതിനിടെ പുറത്തുനിന്ന പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാനുള്ള ശ്രമം നടത്തിയെങ്കിലും പോലീസ് തടഞ്ഞു. അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കുമെന്നു സിഐ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും അപമര്യാദയായി പെരുമാറി എന്നതും ചൂണ്ടിക്കാട്ടി റൂറല്‍ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ഷൈന്‍ ബാബു പറഞ്ഞു.
Tags :