അറക്കുളം: വൈദ്യുതി ബിൽ കുടിശികയായെന്ന കാരണത്താൽ വീട്ടിലേക്കുള്ള കണക്ഷന്റെ സർവീസ് വയർ മുറിച്ചുനീക്കി വൈദ്യുതി ബോർഡ്. അറക്കുളം നേര്യംപറന്പിൽ ജോസ് മാത്യുവിന്റെ വീട്ടിലെ കണക്ഷനാണ് മുറിച്ചു നീക്കിയത്. വൈദ്യുതിയില്ലാതെ വന്നതിനെത്തുടർന്നു അന്വേഷിച്ചപ്പോഴാണ് തന്റെ വീട്ടിലെ കണക്ഷൻ മുറിച്ചുമാറ്റിയതായി ഇദ്ദേഹം തിരിച്ചറിഞ്ഞത്.
കെഎസ്ഇ ബി ഓഫീസിൽ വിവരം അറിയിച്ചപ്പോൾ എത്താമെന്ന് പറഞ്ഞതല്ലാതെ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. വീണ്ടും വിളിച്ചപ്പോൾ വൈദ്യുതിബിൽ കുടിശികയുള്ളതിനാലാണ് കണക്ഷൻ വിച്ഛേദിച്ചതെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ വർഷങ്ങളായി അഡ്വാൻസ് തുക അടയ്ക്കുന്ന പതിവായിരുന്നു ഇദ്ദേഹത്തിന്റേത്. വിദേശത്തും ബാംഗളൂരിലും മറ്റുമായി ജോലി ചെയ്യുന്ന ജോസ് പലപ്പോഴും നാട്ടിൽ ഇല്ലാത്തതിനാൽ കൂടുതൽ തുക അഡ്വാൻസായി നൽകുകയായിരുന്നു പതിവ്.
തുക റീചാർജ് ചെയ്യണമെങ്കിൽ അറിയിക്കണമെന്ന് പറഞ്ഞിരുന്നതായും ജോസ് പറഞ്ഞു. ഇതിനിടെ കുടിശിക തുകയായ 1,032 രൂപ ഓണ്ലൈൻ വഴി അടയ്ക്കുകയും ഇതിന്റെ സ്ക്രീൻഷോട്ട് എഇയ്ക്ക് അയച്ചു നൽകുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും കണക്ഷൻ പുനഃസ്ഥാപിച്ചില്ല. ഇതേത്തുടർന്നു എക്സിക്യൂട്ടീവ് എൻജിനിയറെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ അദ്ദേഹം തന്റെ ഫോണ് ബ്ലോക്ക് ചെയ്യുകയായിരുന്നു.
വകുപ്പ് മന്ത്രിയെ വിളിച്ചറിയിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമാകാത്തതിനെത്തുടർന്നു രാത്രി 10.30 ഓടെ കെഎസ്ഇബി സിഎംഡി മിൻഹാജിനെ വിളിച്ചു. ഇതേത്തുടർന്നു രാത്രി 11-ഓടെ ജീവനക്കാരെത്തി കണക്ഷൻ പുനഃസ്ഥാപിച്ചു. ജോസ് മാത്യു വെദ്യുതി ബോർഡിന്റെ നടപടിക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ്.
Tags : Electricity Board