സുൽത്താൻ ബത്തേരി: കാലാവസ്ഥ വ്യതിയാനം കാർഷികമേഖലയുടെ കണക്കുകൾ തെറ്റിക്കുന്നു. അധികമായി ലഭിച്ച വേനൽമഴയും അളവ് കുറഞ്ഞ കാലവർഷവും മൂലം കാർഷിക കലണ്ടർ അനുസരിച്ചുള്ള കൃഷിരീതികൾ മാറുന്ന അവസ്ഥയാണെന്നു കർഷകർ പറഞ്ഞു.
നിയന്ത്രിതമായ വേനൽമഴ ലഭിക്കേണ്ട സമയത്തു അധികമഴ. കാലവർഷം ശക്തമാകുന്ന സമയത്തു മഴ ഇല്ലാത്ത അവസ്ഥ എന്നിവയാണ് കാർഷിക മേഖലയ്ക്ക് പ്രതികൂലമായത്.
കാപ്പിക്കുരു വിളവെടുപ്പിന് തയാറെടുക്കുന്പോൾ കാപ്പിച്ചെടി പൂവിടുന്നത് കൃഷിയെ ദോഷകരമായി ബാധിക്കും. കുറച്ചു വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നും അതിവർഷത്തിലും കാപ്പി ഉത്പാദനം കുറഞ്ഞുവരികയാണ്.
വേനൽമഴയുടെ അളവ് വർധിച്ചപ്പോൾ പുതിയ സീസണ് മരച്ചീനിക്കൃഷി ആരംഭിച്ച ഒട്ടേറെ കർഷകരുടെ കണക്കുകൂട്ടൽ തെറ്റി. നട്ട കപ്പ പലതും ചീഞ്ഞു. കൃഷി പുനരാരംഭിക്കാൻ പലരും നിർബന്ധിതരായി.
പച്ചക്കപ്പയുടെ വില 35 രൂപയിൽ എത്തി. മികച്ച വില ലഭിക്കുന്പോൾ ഉത്പാദനം കുറഞ്ഞ അവസ്ഥയാണ്. കർണാടകത്തിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമാണ് ഇപ്പോൾ പച്ചക്കപ്പ ജില്ലയിൽ മിക്കയിടത്തും എത്തുന്നത്. പച്ചക്കറിക്കൃഷിയും പ്രതിസന്ധിയിലാണ്. പാവൽ, പടവലം, വെള്ളരി തുടങ്ങിയവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം രോഗബാധ വർധിക്കാനും ഉത്പാദനനം കുറയാനും കാരണമായി.
Tags : Agricultural