സഹപാഠിക്ക് സ്നേഹ വീടൊരുക്കാൻ ഡോ. എപിജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസിൽ വിദ്യാർഥികൾ തുറന്ന കട.
തൊടുപുഴ: ഒരിടത്ത് ശാസ്ത്രത്തിന്റെ നൂതന മാതൃകകൾ വിരിയുന്പോൾ മറ്റൊരിടത്ത് സഹപാഠിക്ക് സ്നേഹവീടൊരുക്കാൻ കൈ കോർത്ത് ഒരു കൂട്ടം വിദ്യാർഥികൾ.
ശാസ്ത്രമേള നടക്കുന്ന ഡോ. എപിജെ അബ്ദുൾ കലാം ഗവ. എച്ച്എസ്എസിലാണ് രണ്ടു ദിവസം കുട്ടികളുടെ സ്നേഹക്കട തുറന്നത്. കുടയത്തൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്ക് വീട് നിർമിക്കാനാണ് പ്ലസ് വണ്‍ വിദ്യാർഥികൾ മേളയ്ക്കെത്തുന്നവർക്ക് രുചിയൊരുക്കിയത്.
വാഴയിലയിൽ കപ്പയും മുളകു ചമ്മന്തിയും പുറമേ കട്ടൻകാപ്പിയും. ചായ, കാപ്പി, സമോസ, പഫ്സ്, കട്ലറ്റ്, പഴംപൊരി, പൈനാപ്പിൾ, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക തുടങ്ങി ഒരുപിടി നാടൻ വിഭവങ്ങളാണ് ഒരുക്കിയത്.
ധനസമാഹരണത്തിനായി 100 രൂപയുടെ കൂപ്പണുമുണ്ടായിരുന്നു. മേളയ്ക്കെത്തിയവരിൽ നല്ലൊരു പങ്കും ഈ നൻമ മരത്തിനു ചുറ്റും എത്താൻ മറന്നില്ല.
Tags : Classmates