നിർമാണം പുരോഗമിക്കുന്ന മുപ്പത്തഞ്ചാംമൈൽ ബോയ്സ് സ്റ്റേഡിയം.
മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം മുപ്പത്തഞ്ചാംമൈൽ ബോയ്സ് സ്റ്റേഡിയം 27നു വൈകുന്നേരം നാലിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കുന്നത്.
പ്രതികൂല കാലാവസ്ഥ ചെറിയ കാലതാമസം വരുത്തിയിട്ടുണ്ട്. സിന്തറ്റിക് ട്രാക്കും ഇരിപ്പിടവുമെല്ലാം സ്റ്റേഡിയത്തിൽ ക്രമീകരിക്കുന്നുണ്ട്.
കളിക്കൂട്ടത്തിൽ തുടങ്ങി സ്റ്റേഡിയത്തിലേക്ക്
2015ൽ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ടി. ബിനുവിന്റെ നേതൃത്വത്തിൽ മലയോരമേഖലയിലെ കുട്ടികൾക്കായി കളിക്കൂട്ടമെന്ന പേരിൽ കായിക പരിശീലന പരിപാടി ആരംഭിച്ചു. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലെ കുട്ടികൾക്ക് അവധിക്കാലത്ത് കായികപരിശീലനം നൽകുന്നതായിരുന്നു പദ്ധതി. നിരവധി കുട്ടികൾ ഈ പരിശീലന പരിപാടിയിൽ പങ്കാളികളായി. പിന്നീട് ഇത് ഹൈറേഞ്ച് സ്പോർട്സ് അക്കാദമി എന്ന പേരിൽ വിപുലീകരിച്ചു. ഇതോടെ ബോയ്സ് ഗ്രൗണ്ട് നവീകരിക്കണമെന്ന് ആവശ്യം ഉയർന്നു.
2021ൽ കെ.ടി. ബിനു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ശേഷം ബോയ്സ് എസ്റ്റേറ്റ് ഗ്രൗണ്ടിന്റെ നവീകരണത്തിനു തുടക്കം കുറിച്ചു. ഇദ്ദേഹത്തിന്റെ ഇടപെടലിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പാരിസൺസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ കൊക്കയാർ പഞ്ചായത്തിലുള്ള ബോയ്സ് കളിസ്ഥലം ജില്ലാ പഞ്ചായത്തിന് സൗജന്യമായി കൈമാറി.
കായികക്കുതിപ്പിന്റെ
അക്കാദമി
ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയുടെ പ്രവർത്തനം മലയോര മേഖലയിലെ കുട്ടികളുടെ കായിക കുതിപ്പിനാണ് വഴിവച്ചിരിക്കുന്നത്.
പരിശീലകരായ സന്തോഷ് ജോർജ്, ബിനോഭ സനീഷ് എന്നിവരുടെ കീഴിലാണ് പരിശീലനം. എല്ലാ ദിവസവും നിരവധി കുട്ടികൾ എത്തുന്നുണ്ട്. ഈ വർഷം ഇവിടെനിന്നു പരിശീലനം നേടിയ അബിയ ആൻ ജിജി ഭുവനേശ്വറിൽ നടന്ന ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൻ പെൺകുട്ടികളുടെ ഹൈജംപിൽ സ്വർണ മെഡലും നെടുങ്കണ്ടത്ത് നടന്ന ഇടുക്കി ജില്ലാ സ്കൂൾ മീറ്റിൽ ഹൈജംപ്, ലോംഗ്ജംപ്, ട്രിപ്പിൾജംപ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും നേടി.
Tags : Stadium