ജോൺസൺ വേങ്ങത്തടം
കൊട്ടിയം: ആധ്യാത്മികതയ്ക്കൊപ്പം കാർഷിക സംസ്കാരവും ചേർത്തു പിടിക്കുന്ന ഒരു ആശ്രമം. പത്ത്ഏക്കർ ഹരിതഭൂമിയിൽ ഗോശാലയും ഫാം ടൂറിസവും സമ്മിശ്രകൃഷിയും നിറഞ്ഞുനിൽക്കുന്ന ആശ്രമം.ഇതാണ് കൊട്ടിയം സെന്റ് അലോഷ്യസ് ആശ്രമം. കൊട്ടിയത്ത് സ്ഥിതി ചെയ്യുന്ന ദക്ഷിണകേരള ഒസിഡി സഭയുടെ പ്രൊവിൻസ് ഹൗസ്. അത്മീയ സേവനത്തിനൊപ്പം കൃഷിയും ദിനചര്യയാക്കി മാറ്റിയിരിക്കുകയാണ് ആശ്രമത്തിലെ വൈദികർ.
പ്രാർഥനവഴികളിൽ ജൈവകൃഷിയുടെയും ഫാംടൂറിസത്തിന്റേയും പാതകൾ വെട്ടിത്തെളിച്ചൊരു ജീവിതം. പശുക്കളും പന്നികളും മത്സ്യങ്ങളും കിളികളും ഈ ഹരിതഭൂമിയ്ക്ക് അഴകായി നിൽക്കുന്നു. ആശ്രമത്തിലേക്ക് ആവശ്യമുള്ള പാലും പഴവും പച്ചക്കറികളും മുട്ടയും എല്ലാം ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്നു. മിച്ചമുള്ളവ അടുത്തുള്ള അയൽവാസികൾക്കും വ്യാപാരസ്ഥാപനങ്ങളിലും കൊടുക്കും.
ആശ്രമത്തിലെ സൂപ്പീരിയർ ഫാ. വർഗീസ് മാളിയേക്കൽ ഒസിഡിയുടെ നിർദേശപ്രകാരം ഒന്നാം വർഷവിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ഫാ. സാബുതോമസ് ഒസിഡിയാണ് കൃഷിയുടെയും ഫാമുകളുടെയും ചുമതലകൾ നോക്കുന്നത്.
മാളിയേക്കൽ അച്ചനും സാബുതോമസ് അച്ചനും കൃഷിപരിപാലനത്തിൽ മുന്നിലാണ്. ഒന്നാം വർഷം പഠിക്കുന്ന 16 സെമിനാരി വിദ്യാർഥികളും സാബു അച്ചനൊടൊപ്പം കൃഷിഭൂമിയിൽ സഹായിക്കുന്നുണ്ട്. കൂടാതെ സഹായത്തിനായി പശുഫാമിലും പന്നിഫാമിലും ഇതരസംസ്ഥാന തൊഴിലാളികളുമുണ്ട്.
പശുഫാമിൽ 14 ജേഴ്സി, എച്ച്എഫ് ഇനത്തിലുള്ള പശുക്കളാണുള്ളത്. ആറെണ്ണത്തെ കറക്കുന്നുണ്ട്.
മൂന്നെണ്ണം ചെനപ്പിടിച്ചിട്ടുണ്ട്. ഏകദേശം 40 ലിറ്റർ പാലോളം ലഭിക്കുന്നുണ്ട്. ആശ്രമത്തിലേക്ക് ആവശ്യമായ പാലെടുത്തശേഷം ഹോട്ടലുകൾ, വീടുകൾ, കോൺവന്റ് എന്നിവിടങ്ങളിൽ കൊടുക്കുകയാണ്. പശുവിന്റെ ചാണകം കൃഷിക്കും കൂടാതെ തീറ്റപ്പുൽകൃഷിക്കും ഉപയോഗിക്കുന്നു. ഒരു ഏക്കർഭൂമിയിൽ തീറ്റപ്പുൽകൃഷിയുണ്ട്.
പന്നിഫാമിൽ നാല്പതോളം ഡ്യൂറോക്, ലാർജ് യോർക്ഷയർ ഇനത്തിലുള്ള പന്നികളെയാണ് വളർത്തുന്നത്. കുഞ്ഞുങ്ങളും ഉൾപ്പെടെ അന്പതോളം വരും. പന്നികൾക്കായി വിപണി തേടി പോകേണ്ടിവരുന്നില്ല. പന്നികൾക്കായി പുറത്തുനിന്നും ആളുകൾ ആശ്രമത്തിൽഎത്തുന്നുണ്ട്. ശുചിത്വം നിറഞ്ഞുനിൽക്കുന്നതിനാൽ മണം ഒരു പ്രശ്നമുണ്ടാക്കുന്നില്ല. ഹോട്ടലുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടമാണ് പന്നികളുടെ തീറ്റയായി എത്തുന്നത്.
ടർക്കി കോഴികൾ 20 എണ്ണത്തോളം വരും.ഇവയ്ക്കു പ്രത്യേക കൂട് ഉണ്ടാക്കിയിട്ടുണ്ട്. ഒരു ദിവസം 10 മുതൽ 15 വരെ മുട്ടലഭിക്കും. ഇത് ആശ്രമത്തിൽ ഉപയോഗിക്കുകയാണ്.
പീച്ചിങ്ങ, പടവലം, പാവയ്ക്ക, ചീര, വെണ്ട, വഴുതന, പയർ, വെള്ളരി, മത്തൻ, ചുരയ്ക്ക,തക്കാളി,മുളക് ഇനങ്ങൾ തുടങ്ങിയവ കൃഷി ചെയ്യുന്നു. ആശ്രമത്തിലേക്ക് പുറത്തുനിന്നും പച്ചക്കറികൾ വാങ്ങാറില്ല. കപ്പ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളും ഇവിടെ സുലഭം. തെങ്ങും ഫലവൃക്ഷങ്ങളായ റംബുട്ടാൻ, അഭിയൂ, അവക്കാഡോ, മുള്ളാത്ത തുടങ്ങിയവയും മാവും പ്ലാവും മുരിങ്ങയും പപ്പായയും ആവശ്യത്തിലധികമുണ്ട്. കൂടുതൽ സ്ഥലത്തേക്കു ഫ്രൂട്സ് വളർത്താനുള്ള ഒരുക്കത്തിലെന്നു സാബു അച്ചൻ പറയുന്നു.
വിവിധയിനം വാഴകൾ നിറഞ്ഞുനിൽക്കുന്ന പറന്പിൽനിന്നും ആവശ്യത്തിലധികം പഴം ലഭിക്കുന്നു. ആരെയും ആകർഷിക്കുന്ന പൂക്കൾക്കൊണ്ടും കുറ്റിച്ചെടികൾക്കൊണ്ടും നിറഞ്ഞ പൂന്തോട്ടവും അതിനുള്ളിൽ മത്സ്യക്കുളവും ആശ്രമത്തിനു പ്രത്യേകഭംഗി പകരുന്നു. മത്സ്യക്കുളത്തിൽ ഷാർക്ക് മീനെയാണ് വളർത്തുന്നത്. ഇവയെല്ലാം കൂടാതെ റബർത്തോട്ടവുമുണ്ട്. കൊട്ടിയംപ്രദേശത്ത് ആദ്യമായി റബർകൃഷി ചെയ്തതും ആശ്രമത്തിലെ വൈദികരായിരുന്നു.
Tags : Agriculture