അമ്മയുടെ സ്വന്തം ഡോൾഡൻ ബോയ്
Wednesday, February 5, 2025 12:04 AM IST
ഡെറാഡൂണ്‍: ഒളിന്പിക് മെഡൽ ജേതാക്കളെ മറികടന്ന് 38-ാം ദേശീയ ഗെയിംസിൽ പതിനഞ്ചുകാരൻ ജോനാഥൻ ആന്റണിയുടെ അദ്ഭുത പ്രകടനം.
പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിൽ പാരീസ് ഒളിന്പിക്സിൽ വെങ്കല മെഡൽ ജേതാവ് സരഭ് ജ്യോത് സിംഗ്, ജൂണിയർ ലോകചാന്പ്യൻ സൗരഭ് ചൗധരി എന്നിവരെ മറികടന്ന് ബംഗളൂരുകാരനായ ജോനാഥൻ സ്വർണം വെടിവച്ചിട്ടു.
240.7 പോയിന്റോടെയാണ് ഈ കർണാടക താരത്തിന്റെ സുവർണ നേട്ടം. സർവീസസിന്റെ രവീന്ദർ സിംഗ് വെള്ളിയും (240.3), ഗുർപ്രീത് സിംഗ് (220.1) വെങ്കലവും നേടി. സരഭ്ജ്യോത് നാലാംസ്ഥാനത്തായി. യോഗ്യതാറൗണ്ടിൽ എട്ടാമനായാണ് ജോനാഥൻ ഫൈനലിലെത്തിയത്.
ദേശീയ ഗെയിംസ് പുരുഷ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും ജോനാഥൻ സ്വന്തമാക്കി. കർണാടകയ്ക്കുവേണ്ടി ഈ ദേശീയ ഗെയിംസിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ താരംകൂടിയാണ് ഈ കൊച്ചുമിടുക്കൻ.
തനിക്ക് ലഭിച്ച സമ്മാനം പൂർണ പിന്തുണ നൽകി ഒപ്പം നിൽക്കുന്ന അമ്മ ആൻസിക്കു സമർപ്പിക്കുന്നതായി ജോനാഥൻ പറഞ്ഞു.