ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്നു 40-ാം പിറന്നാൾ
Wednesday, February 5, 2025 12:04 AM IST
അനീഷ് ആലക്കോട്
നിങ്ങൾക്കു പറ്റുമോ, 40-ാം വയസിലേക്കു രണ്ടുനാൾ മാത്രമുള്ളപ്പോൾ ചിത്രത്തിലേതുപോലെ പറന്നൊരു ഹൈക്വാളിറ്റി ഹെഡർ ഗോൾ നേടാൻ? പറ്റില്ല... ഇരട്ടഗോളിലൂടെ ക്ലബ് കരിയറിലെ 700-ാം ജയം സ്വന്തമാക്കാനോ? അതും പറ്റില്ല...!
പക്ഷേ, സിആർ7 എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സാധിക്കും. കാൽപ്പന്ത് കളത്തിൽ 1000 ഔദ്യോഗിക ഗോളിലേക്ക് 77 എണ്ണത്തിന്റെ മാത്രം അകലമുള്ള പോർച്ചുഗൽ ഇതിഹാസതാരത്തിന് ഇന്നു 40-ാം പിറന്നാൾ... നാല്പതിലും ഇരുപതിന്റെ ശാരീരിക കരുത്തും ഗോളടിമികവുമാണ് ക്രിസ്റ്റ്യാനോയ്ക്കെന്നു ലോകത്തെക്കൊണ്ട് അദ്ദേഹം സമ്മതിപ്പിക്കുന്നു എന്നതേറെ ശ്രദ്ധേയം.
700 ക്ലബ് ജയം
സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിക്കുവേണ്ടി എഎഫ്സി ചാന്പ്യൻസ് ലീഗ് ഏഴാം റൗണ്ട് മത്സരത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേടിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ സമാപിച്ച മത്സരത്തിൽ 44-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 78-ാം മിനിറ്റിൽ ഹെഡറിലൂടെയും സിആർ7 വല കുലുക്കി. റൊണാൾഡോയുടെ ഇരട്ടഗോൾ ബലത്തിൽ അൽ നസർ 4-0നു യുഎഇ ക്ലബ്ബായ അൽ വാസൽ എഫ്സിയെ തോൽപ്പിച്ചു. ക്ലബ് കരിയറിൽ പോർച്ചുഗൽ താരത്തിന്റെ 700-ാം ജയം!
പ്രഫഷണൽ ക്ലബ് കരിയർ ചരിത്രത്തിൽ 700 ജയം കുറിക്കുന്ന ആദ്യ കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അർജന്റൈൻ താരം ലയണൽ മെസിക്ക് ക്ലബ് കരിയറിൽ 613 ജയങ്ങളാണുള്ളത്. അതിൽ 542ഉം ബാഴ്സലോണയ്ക്കൊപ്പം.
ക്ലബ്ബിനും രാജ്യത്തിനുമായി 1000 കരിയർ ഗോളിലേക്കുള്ള ചരിത്രവഴിയിലാണ് റൊണാൾഡോ. നിലവിൽ രാജ്യാന്തര (135) ക്ലബ് (788) ഗോൾ റിക്കാർഡിൽ ഒന്നാമതുള്ള സിആർ7ന്റെ അക്കൗണ്ടിൽ, ആകെയുള്ളത് 923 ഗോൾ.
പെലെയ്ക്കുമില്ല മാറഡോണയ്ക്കുമില്ല
മൺമറഞ്ഞ ഇതിഹാസങ്ങളായ പെലെയും ഡിയേഗോ മാറഡോണയും 37-ാം വയസിൽ റിട്ടയർ ചെയ്തു; സിനദീൻ സിദ്ദാനാകട്ടെ 34-ാം വയസിലും. 37-ാം വയസിലും അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഫുട്ബോൾ കളത്തിലുണ്ട്. എന്നാൽ, ഇന്ന് 40 പൂർത്തിയായ റൊണാൾഡോ, 39-ാം വയസിൽ മാത്രം നേടിയത് 50 ഗോൾ. 38ൽ 53 ഗോൾ നേടിയെന്നതും മറ്റൊരു വാസ്തവം. അതായത്, 38ലും 39ലും മാത്രമായി 103 ഗോൾ!
17-ാം വയസിലാണ് റൊണാൾഡോ പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗിലൂടെ പ്രഫഷണൽ അരങ്ങേറ്റം നടത്തിയത്. തുടർന്ന് 30 വയസ് വരെയായി 463 ഗോൾ സ്കോർ ചെയ്തു. 30 മുതൽ 39 വയസിനിടെ 460 ഗോളാണ് റൊണാൾഡോയിൽനിന്നു പിറന്നത്. 30നുശേഷം മെസി നേടിയത് 285 ഗോൾ. പ്രായം കൂടുംതോറും വീര്യം കൂടുന്ന അപൂർവ ജനുസാണ് സിആർ7 എന്നു തെളിയിക്കാൻ ഇതിൽപ്പരം എന്തുവേണം...
സിആർ7 ക്ലബ് ജയങ്ങൾ
ക്ലബ് മത്സരം ജയം
സ്പോർട്ടിംഗ് സിപി 31 13
മാഞ്ചസ്റ്റർ യുണൈറ്റഡ് 346 214
റയൽ മാഡ്രിഡ് 438 315
യുവന്റസ് 134 92
അൽ നസർ എഫ്സി 95 66