ജോറാക്കി ജോഷിത തിരിച്ചെത്തി
Wednesday, February 5, 2025 12:04 AM IST
കോട്ടയം: ഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ ഉയർത്തിയപ്പോൾ ടീമിന്റെ ഭാഗമായ മലയാളി താരമെന്ന നേട്ടം കുറിച്ച വയനാട്ടുകാരി വി.ജെ. ജോഷിത ജന്മനാട്ടിൽ തിരിച്ചെത്തി. “കോച്ചും ക്യാപ്റ്റനും ആത്മവിശ്വാസം നൽകി.
ഫൈനൽ ഉൾപ്പെടെ സമ്മർദമില്ലാതെ കളിച്ചു. ലോകകപ്പ് വേദിയിൽ വിക്കറ്റ് നേട്ടവുമായി നന്നായി കളിക്കാൻ സാധിച്ചതിലും കപ്പുയർത്തിയ ടീമിന്റെ ഭാഗമാകാൻ സാധിച്ചതിലും അഭിമാനമുണ്ട്’’- ജോഷിത പറഞ്ഞു. ടൂർണമെന്റിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ജോഷിത ആദ്യമത്സരത്തിൽ താരമായി.
വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്യാന്പിൽ ജോയിൻ ചെയ്യാനായി ജോഷിത നാളെ ബംഗളൂരുവിലേക്കു തിരിക്കും. റോയൽ ചലഞ്ചേഴ് ബംഗളൂരുവിനായി മികച്ച പ്രകടനം കാഴ്ചവച്ച് ദേശീയ സീനിയർ ടീമിൽ ഇടംപിടിക്കുകയാണ് തന്റെ ലക്ഷ്യമെന്നു ജോഷിത പറഞ്ഞു.