ഇന്ത്യ x ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരന്പര നാളെ മുതൽ
Wednesday, February 5, 2025 12:04 AM IST
നാഗ്പുർ: ഇന്ത്യ x ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരന്പര നാളെ തുടക്കം കുറിക്കും. മൂന്നു മത്സരങ്ങളടങ്ങുന്ന പരന്പരയിലെ ആദ്യമത്സരം നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30നു നടക്കും.
ട്വന്റി-20 പരന്പര 4-1നു സ്വന്തമാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഏകദിന പരന്പരയ്ക്ക് ഇറങ്ങുന്നത്. ഈ മാസം ആരംഭിക്കാനിരിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫിക്കു മുന്നോടിയായി ടീം ഇന്ത്യക്ക് അവസാന ഒരുക്കത്തിനുള്ള അവസരമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പര.
ടീമിൽ ലെഗ് സ്പിന്നർ വരുണ്‍ ചക്രവർത്തിയെക്കൂടി ഉൾപ്പെടുത്തിയതായി വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20യിലെ മിന്നും പ്രകടനമാണ് വരുണിന് ടീമിൽ ഇടം നേടിക്കൊടുത്തത്.
അഞ്ച് മത്സരത്തിൽനിന്ന് 14 വിക്കറ്റാണ് താരം വീഴ്ത്തിയത്. ട്വന്റി-20 പരന്പരയിലെ പ്ലെയർ ഓഫ് ദ സീരീസും വരുൺ ചക്രവർത്തിയായിരുന്നു. നാഗ്പുർ വിസിഎ സ്റ്റേഡിയത്തിൽ വരുണ്‍ ടീമംഗങ്ങൾക്കൊപ്പം പരിശീലനം ആരംഭിച്ചു.
2023 ഏകദിന ലോകകപ്പിനു ശേഷം ആദ്യമായാണ് ഇരുടീമും ഏറ്റുമുട്ടുന്നത്. അന്ന് ഇന്ത്യ 100 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. അതേസമയം, ഇംഗ്ലണ്ടിനെതിരേ സ്വദേശത്ത് 52 പ്രാവശ്യം ഏറ്റുമുട്ടിയപ്പോൾ 34 ജയം സ്വന്തമാക്കിയ മുൻതൂക്കവുമായാണ് രോഹിത് ശർമ നയിക്കുന്ന ഇന്ത്യ ഇറങ്ങുന്നത്. 17 ജയം മാത്രമാണ് ഇംഗ്ലണ്ടിന് ഇന്ത്യയിൽ നേടാനായത്.