നാളെ മുതൽ കിവീസ്
Tuesday, January 17, 2023 1:47 AM IST
ഹൈദരാബാദ്: 2023 ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ ഈ വർഷത്തെ രണ്ടാം ഹോം സീരീസിന് നാളെ തുടക്കം.
ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സരപരന്പര തൂത്തുവാരിയ ഇന്ത്യയുടെ അടുത്ത എതിരാളികൾ ബ്ലാക് ക്യാപ്സ് എന്നറിയപ്പെടുന്ന ന്യൂസിലൻഡാണ്. നാളെ ഹൈദരാബാദിലാണ് ഇന്ത്യ x ന്യൂസിലൻഡ് ഒന്നാം ഏകദിനം.
പാക്കിസ്ഥാൻ മണ്ണിൽ 1969നുശേഷം ആദ്യമായി ഏകദിന പരന്പര ജയിച്ചതിന്റെ ആവേശവുമായാണ് ന്യൂസിലൻഡ് ഇന്ത്യയിൽ കാലുകുത്തിയിരിക്കുന്നത്. പാക്കിസ്ഥാനെതിരായ ആദ്യപോരാട്ടത്തിൽ ആറ് വിക്കറ്റിനു പരാജയപ്പെട്ട കിവീസ്, രണ്ടും (79 റണ്‍സ്) മൂന്നും (രണ്ട് വിക്കറ്റ്) ഏകദിനത്തിൽ ജയം സ്വന്തമാക്കി മൂന്ന് മത്സര പരന്പര 2-1നാണ് സ്വന്തമാക്കിയത്.
സ്ഥിരം ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ടോം ലാഥമാണ് ഇന്ത്യക്കെതിരായ കിവീസ് പോരാട്ടം നയിക്കുന്നത്. വില്യംസണ് ആയിരുന്നു പാക് പര്യടനത്തിൽ ന്യൂസിലൻഡിന്റെ ടോപ് സ്കോറർ; മൂന്ന് ഇന്നിംഗ്സിലായി 164 റണ്‍സ്. ഡിവോണ്‍ കോണ്‍വെ (153), ഗ്ലെൻ ഫിലിപ്സ് (103) എന്നിവർ തൊട്ടുപിന്നാലെ ഉണ്ടായിരുന്നു. ബൗളിംഗിൽ കിവീസിന്റെ പോരാട്ടം നയിച്ചത് മൂന്ന് ഇന്നിംഗ്സിലായി ആറ് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തി. എന്നാൽ, ടൂർണമെന്റിലെ ഏറ്റവും ഇക്കോണമി റേറ്റ് ഉള്ള ബൗളർ ന്യൂസിലൻഡിന്റെ മൈക്കൽ ബ്രെയ്സ്വെൽ (3.90) ആയിരുന്നു. നാല് വിക്കറ്റും ബ്രെയ്സ്വെൽ സ്വന്തമാക്കി.
രോഹിത് ശർമ നയിക്കുന്ന ഏകദിന ടീമിന്റെ ഉപനായകൻ ഹാർദിക് പാണ്ഡ്യയാണ്. ശ്രീലങ്കയ്ക്കെതിരായ പരന്പരയിലുണ്ടായിരുന്ന കെ.എൽ. രാഹുൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ് എന്നിവർ ന്യൂസിലൻഡ് ഏകദിനങ്ങൾക്കില്ല. പകരം, പുതുമുഖമായി രാഹുൽ ത്രിപാഠി, വിക്കറ്റ് കീപ്പർ കെ.എസ്. ഭരത്, പേസ് ഓൾ റൗണ്ടർ ഷാർദുൾ ഠാക്കൂർ, സ്പിൻ ഓൾ റൗണ്ടർ ഷഹബാസ് അഹമ്മദ് എന്നിവർ ടീമിൽ ഉൾപ്പെട്ടു.
ഏകദിനത്തിനു ശേഷമുള്ള ട്വന്റി-20 പരന്പരയിൽ ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ വന്പ·ാരില്ല. മൂന്ന് മത്സര ട്വന്റി-20 പരന്പര 27നാണ് ആരംഭിക്കുക.
ഇന്ത്യ x ന്യൂസിലൻഡ്
1-ാം ഏകദിനം, ജനു. 18, 1.30 pm
2-ാം ഏകദിനം, ജനു. 21, 1.30 pm
3-ാം ഏകദിനം, ജനു. 24, 1.30 pm
1-ാം ട്വന്റി-20, ജനു. 27, 7.30 pm
2-ാം ട്വന്റി-20, ജനു. 29, 7.30 pm
3-ാം ട്വന്റി-20, ഫെബ്രു. 1, 7.30 pm
സ്റ്റാർ സ്പോർട്സ് 1, ഹോട്ട്സ്റ്റാർ