സിറ്റിസണ്‍സ് സ്റ്റൈൽ
Sunday, April 13, 2025 1:26 AM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തിരിച്ചുവരവു ജയം. രണ്ടു ഗോളിനു പിന്നിലായശേഷം അഞ്ച് ഗോള്‍ തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി 5-2നു ക്രിസ്റ്റല്‍ പാലസിനെ കീഴടക്കി.
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ രണ്ടു ഗോളിനു പിന്നിട്ടുനിന്നശേഷം സിറ്റി ജയിക്കുന്നത് എട്ടാം തവണയാണ്. രണ്ടു ഗോളിനു പിന്നിട്ടു നിന്നശേഷം ജയം സ്വന്തമാക്കിയതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (14), ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ (ഒമ്പത്) ടീമുകള്‍ മാത്രമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കു മുന്നിലുള്ളത്.
എസെ (8’), ക്രിസ് റിച്ചാര്‍ഡ്സ് (21’) എന്നിവരായിരുന്നു ക്രിസ്റ്റല്‍ പാലസിനായി ഗോള്‍ നേടിയത്. 33-ാം മിനിറ്റില്‍ കെവിന് ഡി ബ്രൂയിന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒരു ഗോള്‍ മടക്കി. ഒമര്‍ മര്‍മോഷ് (36’), മാറ്റെയൊ കൊവാസിക് (47’), ജയിംസ് മക്കാറ്റി (56’), നിക്കോ ഒറെയ്ലി (79’) എന്നിവരും സിറ്റിക്കായി ലക്ഷ്യംകണ്ടു.
പ്രീമിയര്‍ ലീഗില്‍ പെപ് ഗ്വാര്‍ഡിയോളയുടെ ശിക്ഷണത്തിനു കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി 5+ ഗോള്‍ നേടുന്നത് 39-ാം തവണയാണ്, ആകെ 63-ാം പ്രാവശ്യവും.