ലക്നോ സൂപ്പർ ജയന്റ്സിന് തകർപ്പൻ ജയം
Sunday, April 13, 2025 1:26 AM IST
ലക്നോ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിനെ സ്വന്തം തട്ടകത്തിൽ മുട്ടുകുത്തിച്ച് ലക്നോ സൂപ്പർ ജയന്റ്സ്. തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടിറങ്ങിയ ഗുജറാത്തിനെ ആറ് വിക്കറ്റിനു ലക്നോ സൂപ്പർ ജയന്റ്സ് കീഴടക്കി.
ആറ് മത്സരങ്ങളിലെ നാലാം ജയത്തോടെ ലക്നോ മൂന്നാം സ്ഥാനത്തേക്കുയർന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് മികച്ച തുടക്കം ലഭിച്ചിട്ടും ഓപ്പണിംഗ് സഖ്യത്തിനു പുറമേ ആരും അവസരത്തിനൊത്തുയരാതിരുന്നത് തിരിച്ചടിയായി.
സെഞ്ചുറി കരുത്തായില്ല
12 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്തിനെ 120 റണ്‍സിൽ എത്തിക്കാൻ ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (60), സായ് സുദർശൻ (56) സെഞ്ചുറി കൂട്ടുകെട്ടിന് സാധിച്ചു. രണ്ടു റണ്‍സിന്റെ ഇടവേളയിൽ ഗില്ലും സുദർശനും വീണതോടെ ഗുജറാത്ത് ബാറ്റിംഗ് മറന്നു. പിന്നീട് എട്ട് ഓവറിൽ 60 റണ്‍സ് മാത്രമാണ് പിറന്നത്.
തകർപ്പൻ തിരിച്ചടി
എയ്ഡൻ മാക്രം (58), ഓപ്പണർ റോളിലെത്തിയ ക്യാപ്റ്റൻ ഋഷഭ് പന്ത് (21) സഖ്യം ലക്നോവിനായി തകർത്തടിച്ചു തുടങ്ങി. 6.2 ഓവറിൽ 65 റണ്‍സ് സ്കോർബോർഡിൽ എത്തിയശേഷമാണ് ആദ്യ വിക്കറ്റായി പന്ത് മടങ്ങിയത്.
നിക്കോളാസ് പൂരൻ (61) തകർപ്പനടിയുമായി മാക്രത്തിനൊപ്പം ചേർന്നതോടെ ലക്നോ ജയം ഉറപ്പിച്ചു. അവസാന ഓവറിൽ ആയുഷ് ബഡോണിയുടെ സിക്സിൽ ലക്നോവിന് മൂന്നാം ജയം. 31 പന്തിൽ ഒരു സിക്സും ഒന്‍പത് ഫോറും അടക്കം 58 റൺസ് നേടിയ മാക്രമാണ് പ്ലെയർ ഓഫ് ദ മാച്ച്.
നോട്ട്ബുക്ക് നിർത്തില്ല!
ലക്നോ സ്പിന്നർ ദിഗ്വേഷ് രാത്തിക്ക് ബിസിസിഐ താക്കീതൊന്നും പ്രശ്നമല്ല. നോട്ട് ബുക്ക് സെലിബ്രേഷന്റെ പേരിൽ രണ്ടു മത്സരങ്ങളിൽ ശിക്ഷ വാങ്ങിയിട്ടും ഇന്നലെയും രാത്തി നോട്ട്ബുക്ക് സെലിബ്രേഷൻ തുടർന്നു. മൂന്നാം മത്സരത്തിൽ എഴുത്ത് ഗ്രൗണ്ടിലേക്ക് മാറ്റിയതോടെ ബിസിസിഐ മൗനം പാലിച്ചു. ഇന്നലെ ജോസ് ബട്ലറുടെ (14 പന്തിൽ 16) വിക്കറ്റ് ആഘോഷിച്ചതും ഇതേ രീതിയിൽ.