സണ്‍റൈസേഴ്സ് ഹൈദരാബാദിന് അദ്ഭുത ജയം
Sunday, April 13, 2025 1:26 AM IST
ഹൈദരാബാദ്: കുറിച്ചുവച്ച വാക്കുകൾ അക്ഷരാർഥത്തിൽ നടപ്പിലാക്കി അഭിഷേക് ശർമ തകർത്താടിയപ്പോൾ ഐപിഎൽ ട്വന്റി-20യിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് പഞ്ചാബ് കിംഗ്സിന് എതിരേ അദ്ഭുത ജയം സ്വന്തമാക്കി. ഇത് ഓറഞ്ച് ആർമ്മിക്ക് എന്ന കുറിപ്പ് സെഞ്ചുറിക്കു ശേഷം ഉയർത്തിക്കാണിച്ച അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്.
55 പന്തിൽ 141 റണ്‍സ് അടിച്ച അഭിഷേകിന്റെ മികവിൽ പഞ്ചാബ് ഉയർത്തിയ 246 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യം ഹൈദരാബാദ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. സണ്‍റൈസേഴ്സിന് എട്ട് വിക്കറ്റ് ജയം.
ട്രാവിസ് ഹെഡ് (37 പന്തിൽ 66) അഭിഷേകിന് മികച്ച പിന്തുണ നൽകി. ഓപ്പണിംഗ് വിക്കറ്റിൽ ഇവർ 12.2 ഓവറിൽ 171 റണ്‍സ് അടിച്ചു കൂട്ടി. ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറാണ് അഭിഷേക് കുറിച്ച 141. ചേസിംഗ് ഇന്നിംഗ്സിലെ റിക്കാർഡും.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും (13 പന്തില്‍ 36) പ്രഭ്സിമ്രന് സിംഗും (23 പന്തില്‍ 42) നാല് ഓവറില്‍ 66 റണ്‍സ് അടിച്ചെടുത്തശേഷമാണ് പിരിഞ്ഞത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിന്റെ ആക്രമണമായിരുന്നു പിന്നീട്. 36 പന്തില്‍ ആറ് സിക്സും ആറ് ഫോറും അടക്കം ശ്രേയസ് അയ്യര്‍ 82 റണ്‍സ് അടിച്ചുകൂട്ടി. അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിന്‍സ് (11 പന്തില്‍ 34 നോട്ടൗട്ട്) നടത്തിയ വെടിക്കെട്ടുകൂടി ആയതോടെ പഞ്ചാബിന്റെ സ്കോര്‍ 245ല്‍ എത്തി.
അവസാന ഓവറില്‍ നാല് സിക്സ് അടക്കം 26 റണ്‍സ് സ്റ്റോയിന്‍സ് അടിച്ചെടുത്തു. ഐപിഎല്‍ ചരിത്രത്തില്‍ പഞ്ചാബ് കിംഗ്സിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത് ടോട്ടലാണിത്. സണ്‍റൈസേഴ്സിന്റെ ഹര്‍ഷല്‍ പട്ടേല്‍ നാലു വിക്കറ്റ് സ്വന്തമാക്കി.