യുക്രെയ്ന് ഫ്രാൻസ് ഇന്റലിജൻസ് വിവരങ്ങൾ നല്കും
Friday, March 7, 2025 12:39 AM IST
പാരീസ്: റഷ്യൻ അധിനിവേശം ചെറുക്കുന്നതിനായി യുക്രെയ്ൻ സേനയ്ക്ക് ഫ്രാൻസ് ഇന്റലിജൻസ് വിവരങ്ങൾ കൈമാറും. ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യൻ ലെകോർണു ആണ് ഇക്കാര്യം അറിയിച്ചത്.
നേരത്തേ അമേരിക്ക യുക്രെയ്ന് ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതു നിർത്തിവച്ചതായി അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാനനീക്കങ്ങൾക്കു വഴങ്ങാൻ യുക്രെയ്നുമേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. യുക്രെയ്നുള്ള സൈനികസഹായവും ട്രംപ് നിർത്തിവച്ചിരിക്കുകയാണ്.
യുഎസ് നല്കുന്ന ഇന്റലിജൻസ് വിവരങ്ങൾ മൂലമാണ് റഷ്യൻ ആക്രമണം ഫലപ്രദമായി ചെറുക്കാൻ യുക്രെയ്നു കഴിയുന്നത്. ഉപഗ്രഹ നിരീക്ഷണത്തിലൂടെയും മറ്റു മാർഗങ്ങളിലൂടെയും റഷ്യൻ പട്ടാളക്കാരുടെ നീക്കങ്ങൾ മുൻകൂട്ടിക്കണ്ട് അമേരിക്ക യുക്രെയ്നു കൈമാറുകയാണു ചെയ്തിരുന്നത്.
ഫ്രാൻസ് സ്വന്തമായി ഇന്റലിജൻസ് വിവരങ്ങൾ സമാഹരിക്കുന്നുണ്ടെന്നും ഇത് യുക്രെയ്നു ഗുണകരമാകുമെന്നും മന്ത്രി ലെകോർണു പറഞ്ഞു. യുക്രെയ്നുള്ള സഹായങ്ങൾ ത്വരിതപ്പെടുത്താൻ ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.