ലാറ്റിനമേരിക്കൻ ഇതിഹാസം യോസ വിടവാങ്ങി
Wednesday, April 16, 2025 3:36 AM IST
ലിമ: ലാറ്റിനമേരിക്കയിലെ ഇതിഹാസ എഴുത്തുകാരൻ മരിയോ വർഗാസ് യോസയ്ക്കു വിടയേകി സാഹിത്യലോകം.
വിഖ്യാത എഴുത്തുകാരന്റെ അന്ത്യം ശനിയാഴ്ച പെറുവിയൻ തലസ്ഥാനമായ ലിമയിലെ വസതിയിലായിരുന്നു. 89 വയസായിരുന്നു. മകൻ അൽവാരോയാണ് മരണവിവരം പുറത്തുവിട്ടത്.
അന്പതിലേറെ കൃതികളുടെ കർത്താവായ യോസ 2010ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി.
2000ത്തിൽ പുറത്തിറങ്ങിയ ആടിന്റെ വിരുന്ന് (ദ ഫീസ്റ്റ് ഓഫ് ഗോട്ട്) ആണ് ഏറ്റവും പ്രഖ്യാത രചന. യോസയുടെ കൃതികൾ മലയാളമടക്കം അനവധി ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗബ്രിയേൽ ഗാർസിയ മാർകേസ്, കാർലോസ് ഫുവെന്തേസ് എന്നിവർക്കൊപ്പം ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ കുലപതിയെന്നു വിശേഷിപ്പിക്കപ്പെടുന്നയാളാണു യോസ.
ദി ഫീസ്റ്റ് ഓഫ് ഗോട്ട്, ഓൺട് ജൂലിയ ആൻഡ് ദി സ്ക്രിപ്റ്റ് റൈറ്റർ, ഡെത്ത് ഇൻ ദി ആൻഡീസ്, ദ വാർ ഓഫ് ദി എൻഡ് ഓഫ് ദ വേൾഡ്, ദ ടൈം ഓഫ് ദ ഹീറോ, കോൺവർസേഷൻ ഇൻ കത്തീഡ്രൽ തുടങ്ങിയവയാണ് യോസയുടെ പ്രമുഖ കൃതികൾ. 1963ൽ പ്രസിദ്ധീകരിച്ച ദ ടൈം ഓഫ് ദ ഹീറോയാണ് ആദ്യ നോവൽ. അവസാന നോവൽ "ഹാർഷ് ടൈംസ്’ 2019ലാണു പുറത്തിറങ്ങിയത്.
രാഷ്ട്രീയനേതാവ്, കോളജ് അധ്യാപകൻ, മാധ്യമപ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. 1990ൽ പെറുവിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കു യോസ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ആൽബെർട്ടോ ഫ്യൂജിമോറിയാണു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
മാർകേസിനുശേഷം (1982) നൊബേൽ പുരസ്കാരം ലഭിച്ച രണ്ടാമത്തെ ലാറ്റിനമേരിക്കൻ എഴുത്തുകാരനാണ് മരിയൊ വർഗാസ് യോസ. "അനുഗൃഹീത കഥപറച്ചിലുകാരൻ’എന്നാണ് നൊബേൽ പുരസ്കാര സമിതി യോസയെ വിശേഷിപ്പിച്ചത്. മറ്റ് അനവധി പുരസ്കാരങ്ങളും യോസയെ തേടിയെത്തിയിട്ടുണ്ട്.