മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്
Wednesday, April 16, 2025 3:36 AM IST
വത്തിക്കാൻ സിറ്റി: കേരളത്തിലെ ആദ്യ സന്യാസിനിയും കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ് (സിടിസി ) സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയുമായ ദൈവദാസി മദർ ഏലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് .
മദര്‍ ഏലീശ്വയുടെ മാധ്യസ്ഥ്യത്താല്‍ സംഭവിച്ച അദ്ഭുതം ഫ്രാന്‍സിസ് മാർപാപ്പ അംഗീകരിച്ചതോടെയാണു വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിനു വഴി തെളിഞ്ഞിരിക്കുന്നത്.
ഇതോടൊപ്പം 2001 ഫെബ്രുവരി 22ന് ബ്രസീലിലെ സാവോ പോളോയിൽ വിശ്വാസത്തെപ്രതി മരണം വരിച്ച ഇറ്റാലിയൻ മിഷനറി വൈദികനായ ഫാ. നസറേനോ ലാൻസിയോത്തിയുടെ രക്തസാക്ഷിത്വത്തിന് മാർപാപ്പ അംഗീകാരം നൽകി.
"ദൈവത്തിന്റെ വാസ്തുശില്പി’എന്നറിയപ്പെടുന്ന സ്പെയിനിൽനിന്നുള്ള ആന്റണി ഗൗദിയെയും മൂന്ന് രൂപതാ വൈദികരെയും ധന്യരായും പ്രഖ്യാപിച്ചു.
ഇറ്റലിയിൽനിന്നുള്ള ഫാ. അഗോസ്റ്റിനോ കൊസോലിനോ, സെന്റ് കാതറിൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ഫാ. ആഞ്ചലോ ബുഗെത്തി, ബൽജിയത്തെ ബ്രസൽസ് സ്വദേശി ഫാ. പിയത്രോ ജൂസെപ്പെ ട്രീസ്റ്റ് എന്നിവരാണ് ധന്യപദവിയിലേക്ക് ഉയർത്തപ്പെടുന്നത്.
സ്പെയിൻ തലസ്ഥാനമായ ബാഴ്സലോണയിലെ ഇതിഹാസനിർമിതിയായ സാഗ്രാദ ഫാമിലിയ ബസിലിക്കയുടെ ഡിസൈനർകൂടിയാണ് ആന്റണി ഗൗഡി. 140 വർഷം മുന്‍പ് നിർമാണം ആരംഭിച്ച ഈ ബസിലിക്കയുടെ നിർമാണം അടുത്ത വർഷമേ പൂർത്തിയാകൂ.