അനോറയ്ക്ക് അഞ്ച് ഓസ്കർ
Tuesday, March 4, 2025 3:38 AM IST
ഹോളിവുഡ്: ന്യൂയോർക്കിലെ ലൈംഗിക തൊഴിലാളിയുടെ കഥ പറഞ്ഞ ‘അനോറ’ എന്ന സിനിമ അഞ്ച് ഓസ്കർ അവാർഡുകൾ സ്വന്തമാക്കി. അനോറയായി അഭിനയിച്ച ഇരുപത്തഞ്ചുകാരി മൈക്കി മാഡിസൺ ആണു മികച്ച നടി.
മികച്ച ചിത്രം, സംവിധായകൻ, തിരക്കഥ, എഡിറ്റിംഗ് എന്നീ അവാർഡുകളും അനോറയ്ക്കാണ്. ഈ നാല് വിഭാഗങ്ങളിലും അനോറയുടെ സംവിധായകൻ ഷോൺ ബേക്കറിന് അവാർഡ് ലഭിച്ചു. വാൾട്ട് ഡിസ്നിക്കു ശേഷം ഒരു വർഷം നാല് ഓസ്കർ നേടുന്ന വ്യക്തിയായി ബേക്കർ.
നീലച്ചിത്ര നടികൾ, ഭിന്നലിംഗക്കാർ, ലൈംഗിക തൊഴിലാളികൾ തുടങ്ങിയവരെ വച്ച് സിനിമയെടുത്തു ശ്രദ്ധ നേടിയ സംവിധായകനാണു ബേക്കർ.
അമേരിക്കൻ സ്വപ്നം പിന്തുടരുന്ന യഹൂദ കുടിയേറ്റക്കാരന്റെ കഥ പറഞ്ഞ ‘ദ ബ്രൂട്ടലിസ്റ്റ്’ എന്ന സിനിമയിലെ അഭിനയത്തിന് അഡ്രിയൻ ബ്രോഡി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. അന്പത്തൊന്നുകാരനായ ബ്രോഡി മികച്ച നടനുള്ള ഓസ്കർ നേടുന്നത് രണ്ടാം തവണയാണ്.2002ൽ പുറത്തിറങ്ങിയ പിയാനിസ്റ്റ് എന്ന സിനിയിലെ അഭിനയത്തിനായിരുന്നു ആദ്യ ഓസ്കർ.
‘എമിലിയ പെരസ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സോയി സൽദാന മികച്ച സഹനടിക്കുള്ള അവാർഡ് നേടി. മികച്ച ഗാനത്തിനുള്ള പുരസ്കാരവും ഈ സിനിമയ്ക്കാണ്. ‘എ റിയൽ പെയ്ൻ’ എന്ന ചിത്രത്തിലൂടെ കീരൻ കുൾക്കിൻ മികച്ച സഹനടനായി.
വെസ്റ്റ് ബാങ്കിലെ ഇസ്രേലി സൈനിക നടപടികളെ ചെറുക്കുന്ന പലസ്തീൻകാരുടെ കഥ പറഞ്ഞ ‘നോ അതർ ലാൻഡ്’ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടു. ‘ഫ്ലോ’ ആണ് മികച്ച അനിമേഷൻ ചിത്രം.
ബാൾട്ടിക് രാജ്യമായ ലാത്വിയയിൽനിന്ന് ഓസ്കർ നേടുന്ന ആദ്യ ചിത്രമാണിത്. ബ്രസീലിൽനിന്നുള്ള ‘അയാം സ്റ്റിൽ ഹിയർ’ ആണ് മികച്ച അന്താരാഷ്ട്ര സിനിമ.