നെതന്യാഹുവിന്റെ വസതിയിൽ ഡ്രോൺ ആക്രമണം
Saturday, October 19, 2024 11:59 PM IST
ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്കു നേർക്ക് ഡ്രോൺ ആക്രമണം.
വടക്കൻ ഇസ്രയേലിൽ മെഡിറ്ററേനിയൻ തീരത്തെ കേസറിയ പട്ടണത്തിൽ നെതന്യാഹുവിന്റെ അവധിക്കാല വസതി ലക്ഷ്യമിട്ട് ഇന്നലെ രാവിലെയായിരുന്നു ആക്രമണം. ആർക്കും പരിക്കില്ല. നെതന്യാഹുവും ഭാര്യ സാറയും ഇവിടെയില്ലായിരുന്നു.
ലബനനിലെ ഹിസ്ബുള്ള ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. ലബനനിൽനിന്നാണ് ഡ്രോൺ വന്നത്. നെതന്യാഹുവിന്റെ വസതിയിൽ ഡ്രോൺ പതിച്ചതായി അൽജസീറ ചാനൽ റിപ്പോർട്ട് സ്ഥിരീകരിച്ചു.
ലബനനിൽനിന്ന് ഇസ്രയേലിലേക്ക് മൂന്നു ഡ്രോണുകൾ തൊടുത്തതായി ഇസ്രേലി സേന നേരത്തേ അറിയിച്ചിരുന്നു. രണ്ടെണ്ണം വെടിവച്ചിടാൻ കഴിഞ്ഞെങ്കിലും മൂന്നാമത്തേത് കേസറിയായിലെ ഒരു കെട്ടിടത്തിൽ പതിച്ചു. ഇത് നെതന്യാഹുവിന്റെ വസതി ആണോയെന്ന് ഇസ്രേലി സേന വ്യക്തമാക്കിയില്ല.
ഹിസ്ബുള്ളകൾ തൊടുത്ത ഡ്രോൺ ലബനീസ് അതിർത്തിയിൽനിന്ന് ഇസ്രയേലിലൂടെ 70 കിലോമീറ്റർ സഞ്ചരിച്ചതും ലക്ഷ്യത്തിൽ പതിച്ചതും ഇസ്രേലി സുരക്ഷാകേന്ദ്രങ്ങളെ ഞെട്ടിച്ചു.
റോക്കറ്റുകൾക്കൊപ്പം ഡ്രോണുകളും തൊടുത്തുകൊണ്ടാണ് ഹിസ്ബുള്ളകൾ ഇസ്രേലി സുരക്ഷാ സംവിധാനങ്ങളെ മറികടന്നത്.ഇന്നലെ ഹിസ്ബുള്ളകൾ നൂറിലധികം റോക്കറ്റുകൾ ഇസ്രയേലിലേക്കു വിട്ടു.
ടെൽ അവീവ്, ഹൈഫ നഗരങ്ങളിലും ഗലീലി പ്രദേശത്തും മുന്നറിയിപ്പു സൈറണുകൾ മുഴങ്ങി. റോക്കറ്റാക്രമണങ്ങളിൽ 13 പേർക്കു പരിക്കേറ്റു. ഡ്രോൺ ആക്രമണത്തിനു പിന്നാലെ ഇസ്രേലി സേന ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ലബനനിൽ വ്യോമാക്രമണങ്ങൾ നടത്തി.