ഗാസ ആശുപത്രിയിൽ ഇസ്രേലി ആക്രമണം
Monday, April 14, 2025 12:58 AM IST
ഗാസ സിറ്റി: ഗാസ സിറ്റിയിയിലെ അൽ അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രി ഇസ്രേലി സേന വ്യോമാക്രമണത്തിൽ നശിപ്പിച്ചു. ഗാസ സിറ്റിയിൽ പൂർണതോതിൽ പ്രവർത്തിച്ചിരുന്ന ഏക ആശുപത്രിയായിരുന്നു ഇത്. ബോംബിടുന്നതിനു മുന്പ് വിവരം നല്കിയിരുന്നതിനാൽ ആളപായമില്ല. എന്നാൽ, രോഗികളെ അതിവേഗം ഒഴിപ്പിച്ചു മാറ്റുന്നതിനിടെ, ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരു കുട്ടി മരിച്ചു.
ഹമാസ് ഭീകരരുടെ കമാൻഡ് സെന്റർ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നതിനാലാണ് ആക്രമണം നടത്തേണ്ടിവന്നതെന്ന് ഇസ്രേലി സേന അറിയിച്ചു. ആക്രമണത്തിൽ ആശുപത്രിയിലെ തീവ്രപരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങൾ തകർന്നു. ആംഗ്ലിക്കൻ സഭയുടെ കീഴിൽ 1882 മുതൽ പ്രവർത്തിക്കുന്ന ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ ഗാസയിലെ ഏറ്റവും പഴക്കമുള്ളതും ഏക ക്രിസ്ത്യൻ ആശുപത്രിയുമാണ്.
ആക്രമണത്തിന് 20 മിനിറ്റ് മുന്പ് ഇസ്രേലി സേന ആശുപത്രിയിലേക്കു ഫോൺ ചെയ്ത് വിവരം അറിയിച്ചിരുന്നു. രോഗികളും ആശുപത്രി ജീവനക്കാരും, ആശുപത്രിവളപ്പിൽ അഭയം തേടിയിരുന്ന പലസ്തീനികളും അതിവേഗം ഒഴിഞ്ഞുപോയി.
വിശുദ്ധവാരാചരണത്തിനു തുടക്കം കുറിക്കുന്ന ഓശാനഞായറിൽ ആക്രമണം നടത്തിയതിനെ ആംഗ്ലിക്കൻ സഭയിലെ ജറൂസലെം രൂപത അപലപിച്ചു.
2023 ഒക്ടോബറിൽ ആശുപത്രിയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നൂറുകണക്കിനു പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രേലി ആക്രമണമാണു സ്ഫോടനത്തിനു കാരണമെന്ന് ഹമാസ് ആരോപിച്ചെങ്കിലും ഇസ്ലാമിക് ജിഹാദ് ഭീകരർ തൊടുത്ത റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയിൽ പതിച്ചതാണെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി.