സൗദി-യുഎസ് ആണവകരാർ യാഥാർഥ്യമാകുന്നു
Monday, April 14, 2025 12:58 AM IST
റിയാദ്: സമാധാനാവശ്യങ്ങൾക്ക് അണുശക്തി ഉപയോഗിക്കാനുള്ള സൗദിയുടെ നീക്കങ്ങൾക്ക് അമേരിക്കൻ പിന്തുണ. ഇതിനായി സൗദിയും യുഎസും പ്രാഥമിക കരാറിൽ ഒപ്പുവയ്ക്കും. സൗദി സന്ദർശിച്ച യുഎസ് ഊർജവകുപ്പ് സെക്രട്ടറി ക്രിസ് റൈറ്റാണ് ഇക്കാര്യം അറിയിച്ചത്. സൗദി ഊർജ മന്ത്രി അബ്ദുള്ളസീസ് ബിൻ സൽമാൻ രാജകുമാരനുമായി അദ്ദേഹം ചർച്ച നടത്തി.
അതേസമയം, അമേരിക്കൻ നിയമ പ്രകാരം ആണവകരാറുണ്ടാക്കുന്നതിനുള്ള ചില വ്യവസ്ഥകൾ സൗദി സമ്മതിച്ചിട്ടില്ലെന്ന് ക്രിസ് റൈറ്റ് പറഞ്ഞു. അണ്വായുധം ഉണ്ടാക്കില്ല, ആണവ ഇന്ധനമടക്കമുള്ളവ മറ്റു രാജ്യങ്ങൾ കൈമാറരുത് തുടങ്ങിയ വ്യവസ്ഥകളാണു സൗദി സമ്മതിക്കേണ്ടത്.
മുന്പും സൗദിയുമായി അമേരിക്ക ആണവകരാർ ഉണ്ടാൻ ശ്രമിച്ചിട്ടുള്ളതാണ്. യുറേനിയം സംപുഷ്ടീകരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ സൗദി അംഗീകരിക്കാതിരുന്നതുമൂലമാണ് കരാർ യാഥാർഥ്യമാകാതിരുന്നത്.
ഇറാൻ അണ്വായുധമുണ്ടാക്കിയാൽ സൗദിയും അതേ പാത പിന്തുടരുമെന്നാണു രാജ്യം ഭരിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിലപാട്.