നിജ്ജർ വധം: ഇന്ത്യൻ സമൂഹത്തോടു സഹായാഭ്യർഥനയുമായി കാനഡ
Thursday, October 17, 2024 1:39 AM IST
ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം മോശമാകുന്നതിനിടെ കാനഡയുടെ പുതിയ നീക്കം.
കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് കാനഡയിലെ സിഖ് സമൂഹത്തോട് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) തലവൻ അഭ്യർഥിച്ചു.
വിവിരങ്ങൾ കൈവശമുള്ളവർ അതു പങ്കുവയ്ക്കാൻ തയാറാകണമെന്ന് റേഡിയോ കാനഡയ്ക്കു നൽകിയ അഭിമുഖത്തിൽ ആർസിഎംപി തലവൻ മൈക്ക് ദുഹോം ആവശ്യപ്പെടുകയായിരുന്നു.
“ജനം മുന്നോട്ടുവന്നാൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്ക് സാധിക്കും. ആളുകൾ കാനഡയിൽ വരുന്നത് സുരക്ഷിതമായിരിക്കാനാണ്. നിയമപാലകർ എന്ന നിലയിൽ ഞങ്ങളുടെ ജോലി സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ്’’-അദ്ദേഹം വ്യക്തമാക്കി.
കാനഡയിൽ കൊലപാതകം ഉൾപ്പെടെ വ്യാപക അക്രമങ്ങളുമായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കു ബന്ധമുണ്ടെന്ന് തിങ്കളാഴ്ച ദുഹോം ആരോപിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച ഒരു തെളിവും പുറത്തുവിടാൻ കാനഡയ്ക്കു കഴിഞ്ഞിട്ടില്ല.
നിജ്ജറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുകളാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പ്രതിസന്ധിയിലാക്കിയത്. ട്രൂഡോയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെ തിങ്കളാഴ്ച ഇന്ത്യ ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.