ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി
Sunday, September 29, 2024 12:34 AM IST
ടെഹ്റാൻ: ഇസ്രേലി ആക്രമണത്തിൽ ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ള കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായി റിപ്പോർട്ട്.
ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഖമനയിയായിരിക്കുമെന്ന നിഗമനത്തിലാണ് ഇറാന്റെ ഈ നീക്കം. ഖമനയിയുടെ സുരക്ഷ വർധിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഹിസ്ബുള്ള തലവൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ അടുത്ത നീക്കത്തെക്കുറിച്ച് ആലോചിക്കുന്നതിനായി ഖമനയ് ഹിസ്ബുള്ളയുമായും മറ്റു പ്രാദേശിക ഭീകരസംഘടനകളുമായും ബന്ധപ്പെട്ടതായി രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഹസൻ നസറുള്ള കൊല്ലപ്പെട്ട വിവരമറിഞ്ഞയുടൻ ഖമനയ് രാജ്യത്തെ പരമോന്നത സുരക്ഷാ സമിതി യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
അതേസമയം, സയണിസ്റ്റ് ഭരണകൂടം ഇനിയും പാഠം പഠിച്ചിട്ടില്ലെന്ന് ഖമനയ് പറഞ്ഞു. ലബനനിലെ ജനങ്ങളോടും ഹിസ്ബുള്ളയോടും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ആഗോള മുസ്ലിം സമൂഹത്തോട് അദ്ദേഹം അഭ്യർഥിച്ചു.
കൊള്ളയടിക്കുന്നതും അടിച്ചമർത്തുന്നതും ദുഷ്ടഭരണവുമായ ഇസ്രായേലിനെ തങ്ങൾക്കുള്ളതെന്തും ഉപയോഗിച്ച് നേരിടാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്രേലിവിരുദ്ധ ശക്തികൾ ഹിസ്ബുള്ളയ്ക്കൊപ്പം നിൽക്കണം. ലബനനിലെ ശക്തമായ ഹിസ്ബുള്ളയെ തകർക്കാൻ സയണിസ്റ്റ് ക്രിമിനലുകൾക്കു കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഇറാനിലുടനീളം പ്രകടനങ്ങൾ നടന്നു. ഇസ്രയേലിനോടു പ്രതികാരം ചെയ്യണമെന്നാവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രകടനം. പ്രതിഷേധക്കാർ ഇസ്രയേൽ, അമേരിക്കൻ പതാകകൾ കത്തിക്കുകയും ചെയ്തു.