പ്രകോപനം തുടർന്ന് ഹിസ്ബുള്ള ; റോക്കറ്റാക്രമണത്തിൽ ഇസ്രേലി കൊല്ലപ്പെട്ടു
Wednesday, July 31, 2024 12:46 AM IST
ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള ഭീകരർ വടക്കൻ ഇസ്രയേലിൽ നടത്തിയ റോക്കറ്റാക്രമണത്തിൽ ഒരു സിവിലിയൻ കൊല്ലപ്പെട്ടു.
അപ്പർ ഗലീലിയിലെ ഗെഷർ കിബ്ബുട്സിലായിരുന്നു ആക്രമണം. പത്തോളം റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തതെന്നും ഇതിൽ ഭൂരിഭാഗവും വെടിവച്ചിട്ടെങ്കിലും ഒരെണ്ണം ഗെഷറിൽ വീഴുകയായിരുന്നുവെന്നും ഇസ്രേലി സേന അറിയിച്ചു.
റോക്കറ്റ് വിക്ഷേപിച്ച സ്ഥലത്തേക്ക് ഇസ്രേലി സേന പീരങ്കിയാക്രമണം നടത്തി. റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്തിട്ടുണ്ട്.
ഇതിനിടെ, വടക്കൻ ഇസ്രയേലിലെ ബെയ്ത് ഹില്ലെൽ മേഖലയിൽ ഇസ്രേലി സൈനികരെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്നും ഹിസ്ബുള്ള പറഞ്ഞു. അൽ ഷാൽ ബറ്റാലിയനു നേർക്കായിരുന്നു ആക്രണം. സൈനികർക്കു ജീവഹാനിയും പരിക്കും സംഭവിച്ചെന്നാണ് ഹിസ്ബുള്ള പറയുന്നത്.
ലബനന്റെ വ്യോമാതിർത്തി ലംഘിച്ച ഇസ്രേലി പോർവിമാനങ്ങളെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തുരത്തിയതായും ഹിസ്ബുള്ള അവകാശപ്പെട്ടിട്ടുണ്ട്.
ഇസ്രേലി-ഹിസ്ബുള്ള പൂർണ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൗരന്മാർ ലബനിലേക്കു യാത്ര ചെയ്യരുതെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമി നിർദേശിച്ചു. ലബനനിലുള്ള ബ്രിട്ടീഷുകാർ ഉടൻ മടങ്ങാനും ആവശ്യപ്പെട്ടു.
ശനിയാഴ്ച ഹിസ്ബുള്ളകൾ ഗോലാൻകുന്നുകളിലെ പട്ടണത്തിലുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ നടത്തിയ റോക്കറ്റാക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇസ്രേലി-ഹിസ്ബുള്ള ഏറ്റുമുട്ടൽ പൂർണയുദ്ധത്തിലേക്കു നീങ്ങുമെന്ന ആശങ്ക ശക്തമാണ്.
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു മറുപടിയായി ഇസ്രേലി സേന ഗാസയിൽ ഹമാസിനെതിരേ ഓപ്പറേഷൻ ആരംഭിച്ചതു മുതൽ ഹിസ്ബുള്ളകൾ വടക്കൻ ഇസ്രയേലിൽ നിരന്തരം ആക്രമണങ്ങൾ നടത്തുന്നുണ്ട്.