ഇന്ത്യൻ വംശജനായ കത്തോലിക്കാ വൈദികന് അമേരിക്കയില്‍ വെടിയേറ്റു മരിച്ചു
Saturday, April 5, 2025 3:06 AM IST
ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ കത്തോലിക്കാ വൈദികന് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു.
ഹൈദരാബാദ് സ്വദേശി ഫാ. അരുൾ കരസാല(57)യാണ് അമേരിക്കയിലെ കൻസാസ് സംസ്ഥാനത്തിൽപ്പെട്ട സെനെക്കയിലുള്ള സെന്റ് പീറ്റർ ആൻഡ് പോൾ പള്ളിയോടനുബന്ധിച്ചുള്ള റെക്ടറിയില്‍ വെടിയേറ്റു മരിച്ചത്. പ്രാദേശികസമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഒക്ലഹൊമയ്ക്കടുത്ത തുൾസ സ്വദേശി ഗാരി എൽ.ഹെർമേഷ് (66) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരേ കൊലക്കുറ്റം ചുമത്തി. ഫാ. അരുളിന്റെ റൂമിലേക്ക് എത്തിയ പ്രതി യാതൊരു കാരണവുമില്ലാതെ മൂന്നു തവണ നിറയൊഴിക്കുകയായിരുന്നുവെന്ന് ഇടവകയിലെ മതബോധന ഡയറക്ടർ ക്രിസ് ആൻഡേഴ്സൻ പറഞ്ഞു.
കൊലപാതകത്തിനു കാരണമെന്തെന്നു വ്യക്തമായിട്ടില്ല.തെലുങ്കാനയിലെ കടപ്പ രൂപതാംഗമായ ഫാ. കരസാല 1994ൽ പൗരോഹിത്യം സ്വീകരിച്ചു. ആർച്ച്ബിഷപ് ഡോ. ജെയിംസ് പി. കെലെഹറിന്റെ ക്ഷണപ്രകാരം 2004ൽ അദ്ദേഹം അമേരിക്കയിലെ കൻസാസിൽ എത്തി. 2011ൽ യുഎസ് പൗരത്വം സ്വീകരിച്ചു. ഒനാഗയിലെ സെന്റ് വിൻസെന്റ് ഡി പോൾ, കോർണിംഗിലെ സെന്റ് പാട്രിക് എന്നിവയുൾപ്പെടെ കൻസാസ് രൂപതയിലെ നിരവധി ഇടവകകളിൽ സേവനമനുഷ്ഠിച്ചിരുന്നു.
ഫാ. കരസാലയുടെ മരണത്തിൽ കൻസാസ് സിറ്റി ആർച്ച്ബിഷപ് ഡോ. ജോസഫ് നൗമാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഫാ. അരുളിന്റെ ദാരുണമായ മരണവാർത്ത പങ്കുവയ്ക്കുന്നതിൽ ഹൃദയഭേദകമായ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
20 വർഷത്തിലേറെയായി അതിരൂപതയെ വിശ്വസ്തതയോടെ സേവിച്ച അർപ്പണബോധവും തീക്ഷ്ണതയുമുള്ള വൈദികനായിരുന്നു ഫാ. കരസാലയെന്ന് ആർച്ച്ബിഷപ് അനുസ്മരിച്ചു. വൈദികനെ അനുസ്മരിച്ച് ആർച്ച്ബിഷപ് നൗമാൻ വിശുദ്ധ കുർബാനയും അര്‍പ്പിച്ചു.