ഗ്രീൻലാൻഡ് മോഹം നടക്കില്ല: അമേരിക്കയ്ക്കു മറുപടിയുമായി ഡെൻമാർക്ക്
Saturday, April 5, 2025 1:37 AM IST
നൂക്ക്: ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടി നൽകി ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ ഫെഡറിക്സൺ. മറ്റൊരു രാജ്യത്തെ നിങ്ങൾക്ക് കൂട്ടിച്ചേർക്കാൻ കഴിയില്ലെന്നു ട്രംപിനു മറുപടിയായി ഡാനിഷ് പ്രധാനമന്ത്രി പറഞ്ഞു.
അർധ സ്വയംഭരണാവകാശമുള്ള ഡാനിഷ് പ്രദേശം സ്വന്തമാക്കാനുള്ള അമേരിക്കൻ മോഹത്തെ അവർ തള്ളിക്കളഞ്ഞു. ഗ്രീൻലാൻഡ് സന്ദർശനവേളയിലാണ്, തങ്ങളുടെ നിയന്ത്രണത്തിലുള്ള ദ്വീപ് വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്നു മെറ്റ വ്യക്തമാക്കിയത്.
“അന്താരാഷ്ട്ര സുരക്ഷ സംബന്ധിച്ച വാദമാണ് ഉയർത്തുന്നതെങ്കിൽപോലും നിങ്ങൾക്ക് മറ്റൊരു രാജ്യത്തെ കൂട്ടിച്ചേർക്കാൻ കഴിയില്ല. ആർട്ടിക് മേഖലയിൽ സുരക്ഷ ശക്തിപ്പെടുത്താൻ യുഎസ് ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്ക് ഒരുമിച്ചു ചെയ്യാം’’- മെറ്റ പറഞ്ഞു.