യുദ്ധം അവസാനിപ്പിക്കാൻ പുടിനു താത്പര്യമില്ലെന്ന് ബ്രിട്ടനും ഫ്രാൻസും
Saturday, April 5, 2025 1:37 AM IST
ബ്രസൽസ്: യുക്രെയ്ൻ-റഷ്യ വെടിനിർത്തൽ ചർച്ചകളിൽനിന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പിന്നാക്കംപോകുകയാണെന്നു ബ്രിട്ടനും ഫ്രാൻസും. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകളോടു മോസ്കോ വേഗത്തിൽ പ്രതികരിക്കണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു.
പുടിൻ വെടിനിർത്തൽ ചർച്ചകളിൽനിന്നു മുഖംതിരിക്കുകയാണെന്നാണ് തങ്ങളുടെ നിഗമനമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ബ്രസൽസിലെ നാറ്റോ ആസ്ഥാനത്ത് ഫ്രഞ്ച് വിദേശകാര്യ സെക്രട്ടറി ജീൻ നോയൽ ബരോട്ടിനൊപ്പം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെ വ്യാഴാഴ്ച ഖാർകീവിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റഷ്യ 78 ഡ്രോണുകൾ പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. എന്നാൽ, തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം 107 യുക്രെയ്ൻ ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യയും അവകാശപ്പെട്ടു.
യുക്രെയ്ൻ സർക്കാരും പാശ്ചാത്യ സൈനിക വിശകലന വിദഗ്ധരും പറയുന്നതനുസരിച്ച് റഷ്യ വരും ആഴ്ചകളിൽ പുതിയ കരയാക്രമണം ആരംഭിക്കാൻ തയാറെടുക്കുകയാണ്. വെടിനിർത്തൽ ചർച്ചകളിൽ യുക്രെയ്നെ സമ്മർദത്തിലാക്കാനാണു പുടിന്റെ നീക്കമെന്നാണ് അന്താരാഷ്ട്ര സമൂഹം കരുതുന്നത്.