തൂക്ക് പാർലമെന്റ്: ഫ്രാൻസിൽ അനിശ്ചിതത്വം
Wednesday, July 10, 2024 1:16 AM IST
പാരീസ്: തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതായതോടെ ഫ്രാൻസിൽ തൂക്ക് പാർലമെന്റ്. സർക്കാർ രൂപവത്കരിക്കാൻ വേണ്ട 289 സീറ്റുകൾ ആർക്കുമില്ല. ഒളിന്പിക്സ് പടിവാതിലിൽ എത്തിനിൽക്കേ വലിയ അനിശ്ചിതത്വവും അസ്ഥിരതയുമാണ് ഫ്രാൻസിനു മുന്നിലുള്ളത്.
തീവ്ര വലതുപക്ഷമായ നാഷണൽ റാലി പാർട്ടി 181 സീറ്റുകളുമായി ഒന്നാമതെത്തി. ഇടതുപക്ഷ പാർട്ടികളുടെ സഖ്യം 159 സീറ്റുകളുമായി രണ്ടാമതും പ്രസിഡന്റ് മക്രോണിന്റെ റിനേസെൻസ് ഉൾപ്പെടെ മധ്യനിലപാടുകൾ പുലർത്തുന്ന പാർട്ടികളുടെ സഖ്യം 143ഉം സീറ്റുകളാണു നേടിയിട്ടുള്ളത്.
തെരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തിൽ മക്രോണിന്റെ പാർട്ടിക്കാരനായ പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ രാജി സമർപ്പിച്ചുവെങ്കിലും മക്രോൺ അദ്ദേഹത്തോട് തുടരാൻ നിർദേശിച്ചിരിക്കുകയാണ്. പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത അത്താലിന് അധികകാലം ഭരണം നടത്താനാവില്ല.
സാങ്കേതികമായി പ്രസിഡന്റിന് ആരെ വേണമെങ്കിലും പ്രധാനമന്ത്രിയായി നിയമിക്കാമെങ്കിലും പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യമുണ്ടായാൽ പ്രതിസന്ധിയിലാകും.
ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ മക്രോണിന്റെ പാർട്ടി ഇടതു സഖ്യവുമായി ചേർന്നോ, അവരുടെ പിന്തുണയോടെയോ സർക്കാർ രൂപവത്കരിക്കാനുള്ള സാധ്യതയാണ് ഏറ്റവും കൂടുതലുള്ളത്.
ന്യൂ പോപ്പുലർ ഫ്രണ്ട് (എൻഎഫ്പി) എന്ന ഇടതു സഖ്യത്തിൽ ഫ്രാൻസ് അൺബൗഡ്, സോഷ്യലിസ്റ്റ് പാർട്ടി, ഗ്രീൻസ്, കമ്യൂണിസ്റ്റ് പാർട്ടി തുടങ്ങിയവരാണ് ഉൾപ്പെടുന്നത്.