ഫ്രാൻസിൽ ഇടതുസഖ്യം; തീവ്ര വലതുപക്ഷത്തിനു തിരിച്ചടി
Tuesday, July 9, 2024 12:55 AM IST
പാരീസ്: ഫ്രഞ്ച് പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടി. അധികാരത്തിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന മരീൻ ലെ പെന്നിന്റെ നാഷണൽ റാലി രണ്ടാംഘട്ട വോട്ടെടുപ്പിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സർക്കാർ രൂപവത്കരിക്കാനാവശ്യമായ ഭൂരിപക്ഷത്തിന് അടുത്തെങ്ങും നാഷണൽ റാലിയെത്തിയില്ല. നാഷണല്‍ അസംബ്ലിയിലേക്കു നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഇടതുസഖ്യം മുന്നേറി.
തിങ്കളാഴ്ച പുലർച്ചെ പുറത്തുവന്ന ഔദ്യോഗിക ഫലമനുസരിച്ച് കേവല ഭൂരിപക്ഷത്തിനാവശ്യമായ 289 സീറ്റുകൾ മൂന്നു കക്ഷികൾക്കും നേടാനായിട്ടില്ല. ഇടതു സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് (എൻഎഫ്പി) 180 സീറ്റുകൾ നേടി ഒന്നാമതെത്തിയപ്പോൾ മധ്യനിലപാടുകളുള്ള മാക്രോണിന്റെ സഖ്യം 160ലധികം സീറ്റ് നേടി. ലെ പെന്നിന്റെ നാഷണൽ റാലി 140ലധികം സീറ്റുനേടി മൂന്നാമതായി.
2022ൽ 89 സീറ്റു നേടിയ തീവ്രവലതുപക്ഷക്കാർ ഇത്തവണ അധികാരത്തിലെത്തില്ലെങ്കിലും മികച്ച മുന്നേറ്റമാണു നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ചെറുസോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ഗ്രീന്‍പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ ചേര്‍ന്നു രൂപവത്കരിച്ച സഖ്യമാണ് എൻഎഫ്പി.
ജൂണ്‍ 30ന് നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ 33.15 ശതമാനം വോട്ടുനേടി ലെ പെന്നിന്റെ പാര്‍ട്ടിയായിരുന്നു ഒന്നാമത്. എന്നാൽ നാഷണൽ റാലി ഭരണത്തിലെത്തുന്നത് തടയാൻ ഇടതു–മിതവാദി സഖ്യങ്ങൾ ഒന്നിക്കുകയായിരുന്നു.
ഇതനുസരിച്ചു രണ്ടാം ഘട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ള പല സ്ഥാനാർഥികളും പിൻമാറിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ രാജിസന്നദ്ധത അറിയിച്ച പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ, ആവശ്യമെങ്കിൽ ഒളിമ്പിക്സ് കഴിയുംവരെ തുടരാമെന്നും പറഞ്ഞു.
പ്രസിഡന്റ് പദത്തിൽ മൂന്നു വർഷംകൂടി ശേഷിക്കുന്ന മാക്രോൺ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീരുമാനത്തിൽ പ്രധാനമന്ത്രി അത്താൽ വീണ്ടും വിയോജിപ്പ് വ്യക്തമാക്കി.
ഈ തീരുമാനത്തിനൊപ്പമായിരുന്നില്ല താനെന്ന് അത്താൽ പറഞ്ഞു. മക്രോണിന്റെ ഭരണത്തിനെതിരായ വികാരമാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് കരുതുന്നത്. വിലക്കയറ്റം, കുടിയേറ്റം, കുറ്റകൃത്യങ്ങളുടെ വർധന തുടങ്ങിയവയിൽ ഫ്രഞ്ചുകാരുടെ പ്രതിഷേധം വോട്ടിൽ പ്രകടമായി.
അന്തിമഫലങ്ങളിലും ആർക്കും ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നാണ് സൂചന. ആധുനിക ഫ്രാൻസിനാവട്ടെ തൂക്കുമന്ത്രിസഭയെന്നത് അജ്ഞാതവുമാണ്.
അത്താൽ രാജി പ്രഖ്യാപിച്ചു; നിരസിച്ച് മക്രോൺ
പാരീസ്: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുസഖ്യം മുന്നിലെത്തിയതോടെ പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ രാജി പ്രഖ്യാപിച്ചു. രാജിക്കത്ത് പ്രസിഡന്റിനു കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യമെങ്കിൽ താൻ അധികാരത്തിൽ തുടരുമെന്ന് അത്താൽ പറഞ്ഞിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാൽ അത്താലിന്റെ രാജി പ്രസിഡന്റ് മക്രോൺ നിരസിച്ചു.
ഭരണസ്ഥിരത ഉറപ്പാക്കാൻ പദവിയിൽ തുടരാൻ അദ്ദേഹത്തോട് മക്രോൺ ആവശ്യപ്പെട്ടു. രണ്ട് റൗണ്ട് വോട്ടിംഗിന്റെ ആദ്യഫലങ്ങൾ ഇടതുപക്ഷ സഖ്യത്തിനോ മക്രോണിന്റെ പാർട്ടിക്കോ തീവ്ര വലതുപക്ഷത്തിനോ സർക്കാർ രൂപവത്കരിക്കാൻ ആവശ്യമായ ഭൂരിപക്ഷം നൽകിയിട്ടില്ല.