കമല ഹാരിസ് ബൈഡനേക്കാൾ ഭേദമെന്ന് സർവേ
Thursday, July 4, 2024 12:24 AM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനേക്കാൾ വിജയസാധ്യത നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെന്ന് സിഎൻഎൻ അഭിപ്രായ സർവേ.
തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ ബൈഡനേക്കാൾ നല്ലത് കമല ഹാരിസാണെന്നാണു സർവേ ഫലങ്ങൾ പറയുന്നത്. പ്രസിഡന്റ് ബൈഡൻ (81) അറ്റ്ലാന്റ ടെലിവിഷൻ സംവാദത്തിൽ എതിർസ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനു (78) മുന്നിൽ പതറിയതോടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായാണു കണ്ടെത്തൽ.
അറ്റ്ലാന്റ സംവാദത്തിനു ശേഷം ബൈഡനെ മാറ്റി ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മറ്റൊരാളെ കൊണ്ടുവരാൻ ശ്രമം നടന്നുവരികയാണ്. സിഎൻഎൻ സർവേയിൽ ട്രംപ് ആറ് പോയിന്റുമായി ബൈഡനേക്കാൾ മുന്നിലാണ്. ട്രംപിനെതിരേ കമല ഹാരിസ് മത്സരിച്ചാൽ കൂടുതൽ പിന്തുണ ലഭിക്കുമെന്നാണു സർവേയിലെ കണ്ടെത്തൽ.
ട്രംപിനെ 47 ശതമാനം പേർ പിന്തുണച്ചപ്പോൾ കമല ഹാരിസിന് 45 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. സ്ത്രീവോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ കമല ഹാരിസിനുണ്ട്.
എന്നാൽ, സ്ഥാനാർഥിയായി ബൈഡൻ എത്തുകയാണെങ്കിൽ ഡെമോക്രാറ്റുകൾക്ക് കിട്ടുന്ന സ്ത്രീവോട്ടർമാരുടെ പിന്തുണ 44 ശതമാനമായി ചുരുങ്ങും.
നേരത്തേ ട്രംപുമായുള്ള സംവാദത്തിനു ശേഷം ബൈഡൻ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽനിന്നു പിന്മാറണമെന്ന് ഡെമോക്രാറ്റുകൾക്കിടയിൽനിന്നുതന്നെ ആവശ്യമുയർന്നിരുന്നു.