റാഫയിൽ അഭയാർഥി ക്യാമ്പിനു നേരേ ഇസ്രയേൽ ആക്രമണം 45 പേർ കൊല്ലപ്പെട്ടു
Tuesday, May 28, 2024 12:35 AM IST
റാഫ: തെക്കൻ ഗാസ നഗരമായ റാഫയിൽ അഭയാർഥി ക്യാമ്പിനു നേരേയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. യുദ്ധംചിതറിച്ച പലസ്തീനികൾ കഴിയുന്ന ടെന്റുകളെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. റാഫയിലെ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രയേലിനോട് ഉത്തരവിട്ടു രണ്ടു ദിവസത്തിനു ശേഷമാണ് ആക്രമണം.
ശക്തമായ ആക്രമണത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. ആക്രമണത്തിൽ ഹമാസിന്റെ രണ്ടു മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ഇസ്രേലി സൈന്യം അവകാശപ്പെട്ടു.
ടാല് അസ് സുല്‍ത്താന്‍ പ്രദേശത്തിനു പുറമേ ജബലിയ, നുസൈറത്ത്, ഗാസ സിറ്റി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം ഇസ്രയേല്‍ രൂക്ഷമായ ആക്രമണം നടത്തി. അഭയാര്‍ഥികളായി ആയിരക്കണക്കിന് പലസ്തീനികള്‍ കഴിയുന്ന ടാല് അസ്-സുല്‍ത്താനിലെ ക്യാമ്പുകള്ക്കുനേരേയാണ് കടുത്ത ആക്രമണമുണ്ടായതെന്നാണു റിപ്പോര്‍ട്ട്.
യുഎന്‍ആര്‍ഡബ്ല്യുഎ ലോജിസ്റ്റിക്സ് സ്പേസിന് സമീപത്തുള്ള ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. യുഎന്‍ നിയന്ത്രണത്തിലുള്ള സ്ഥലം എന്ന നിലയില്‍ സുരക്ഷിതമാണെന്നു കരുതി നിരവധി പേരാണ് ഇവിടങ്ങളില്‍ പ്ലാസ്റ്റിക്കും തുണിയും കൊണ്ട് നിർമിച്ച ടെന്റുകളിൽ താമസിച്ചു വന്നിരുന്നത്.