അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
Saturday, April 27, 2024 3:31 AM IST
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവച്ചുകൊന്നു. ഉത്തർപ്രദേശ് സ്വദേശി സച്ചിൻ കുമാർ സാഹുവാണ് (42) കൊല്ലപ്പെട്ടത്.
ടെക്സാസിലെ സാൻ അന്റോണിയോയിൽ കഴിഞ്ഞ ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.30നായിരുന്നു സംഭവം. സ്ത്രീയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ വാഹനം ഇടിപ്പിച്ചുകൊല്ലാൻ ശ്രമിച്ചതോടെ സച്ചിനു നേർക്ക് വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
അന്പത്തിയൊന്നുകാരിയെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സാഹുവിന്റെ താമസസ്ഥലത്ത് എത്തുന്നത്. വാഹനമിടിച്ച് പരിക്കേറ്റ സ്ത്രീയെ പോലീസുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതര പരിക്കേറ്റ സ്ത്രീ അപകടനില തരണം ചെയ്തിട്ടില്ല. ആക്രമണത്തിനു ശേഷം സാഹു സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാൾ തിരിച്ചെത്തിയതായി വിവരം ലഭിച്ചതോടെ പോലീസുകാർ സംഭവസ്ഥലത്ത് വീണ്ടുമെത്തി.
ഈ സമയം സാഹു തന്റെ ബിഎംഡബ്ല്യൂ കാർ പോലീസുകാർക്കു നേരേ ഓടിച്ചുകയറ്റാൻ ശ്രമിച്ചു. ഇതോടെ പോലീസ് ഇയാളെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇയാൾ മരിച്ചു. കൂടെ താമസിച്ചിരുന്ന സ്ത്രീക്കുനേരേയാണ് സാഹു അതിക്രമം കാട്ടിയത്.