ബുർക്കിനാഫാസോയിൽ ക്രിസ്ത്യൻ ഉപദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
Sunday, April 21, 2024 1:33 AM IST
പാരീസ്: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാഫാസോയിൽ ക്രിസ്ത്യൻ ഉപദേശിയെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. എഡ്വേർഡ് യുഗ്ബാരെ എന്നയാളെയാണു വ്യാഴാഴ്ച രാത്രിയിൽ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്.
തുടർന്നു നടത്തിയ തെരച്ചിലിൽ ഇന്നലെ രാവിലെയാണ് അദ്ദേഹത്തിന്റെ മൃതദേഹം സിഗ്നി എന്ന സ്ഥലത്തു കണ്ടെത്തിയത്. ഫാദാ ഗൗർമയ്ക്കടുത്ത സാതേംഗ ഇടവകാംഗമായ യുഗ്ബാരെയ്ക്കൊപ്പം മറ്റു നിരവധി പേരെയും തട്ടിക്കൊണ്ടുപോയതായി സംശയമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഏതാനും വർഷങ്ങളായി ബുർക്കിനാഫാസോയിൽ ക്രൈസ്തവർക്കുനേരേ ഭീകരാക്രമണം വർധിച്ചുവരികയാണ്. രണ്ടുമാസം മുന്പ് ഡൊറി രൂപതാംഗമായ ഉപദേശി ഞായറാഴ്ച കുർബാനയ്ക്കിടെ ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25ന് ഡൊറി രൂപതയിൽപ്പെട്ട എസാക്കാനെ നഗരത്തിലെ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ 15 ക്രൈസ്തവരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.