ഉത്തരകൊറിയയിലേക്കു റഷ്യൻ വിനോദസഞ്ചാരികൾ
Saturday, February 10, 2024 12:49 AM IST
സീയൂൾ: കോവിഡിനു ശേഷം ആദ്യമായി ഉത്തരകൊറിയയിലേക്ക് ആദ്യസഞ്ചാരികളെത്തി. റഷ്യയിൽനിന്നുള്ള സഞ്ചാരികളാണ് കൊറിയയിൽ എത്തിയത്.
മോസ്കോയും പ്യോംഗ്യാംഗും തമ്മിലുള്ള വിനോദസഞ്ചാര മേഖലയിലെ സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് റഷ്യൻ സഞ്ചാരികൾ കിമ്മിന്റെ രാജ്യത്തെത്തിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ റഷ്യയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് വിനോദസഞ്ചാര മേഖലയിലും സഹകരണത്തിനു ധാരണയായത്.
യുക്രെയ്ൻയുദ്ധത്തെത്തുടർന്ന് ഏർപ്പെടുത്തിയ ഉപരോധം റഷ്യൻ വിനോദസഞ്ചാരികൾക്ക് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രയ്ക്ക് തടസമായിരിക്കുകയാണ്.