യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Thursday, February 8, 2024 2:28 AM IST
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികൾക്കുനേരേയുള്ള ആക്രമണം തുടരുന്നു. ഇൻഡ്യാനയിൽ ഒരു വിദ്യാർഥി ഇന്നലെ അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
പർഡ്യൂ യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കൽ എൻജിനിയറിംഗ് ഡോക്ടറൽ വിദ്യാർഥി സമീർ കാമത്ത് (23)ആണ് വാറൻ കൗണ്ടിയിൽ കൊലചെയ്യപ്പെട്ടത്.
മാസച്യുസെറ്റ്സ് യൂണിവേഴ്സിറ്റിയിൽനിന്ന് മെക്കാനിക്കൽ എൻജിയിനറിംഗിൽ ബിരുദം നേടിയശേഷം 2021ലാണ് കാമത്ത് ബിരുദാനന്തര ബിരുദ പഠനത്തിനായി പർഡ്യൂ യൂണിവേഴ്സിറ്റിയിലെത്തിയത്. കാമത്തിന്റെ മൃതദേഹം ക്രോസ് ഗ്രോവിലുള്ള പ്രകൃതി സംരക്ഷണ മേഖലയിൽ കണ്ടെത്തുകയായിരുന്നു. യുഎസിൽ ഈവർഷം മാത്രം ആറ് ഇന്ത്യൻ വിദ്യാർഥികളാണ് ആക്രമണത്തിന് വിധേയരായത്.
ഷിക്കാഗോ ഇൻഡ്യാന വെസ്ലിയൻ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ ഐടി വിദ്യാർഥി സയ്യദ് മസാഹിർ അലിയെ അജ്ഞാതസംഘം പിന്തുടർന്ന് അതിക്രൂരമായി ആക്രമിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്.
രാത്രി താമസസ്ഥലത്തേക്കു നടന്നുപോകുന്പോൾ മൂന്നുപേർ സംഘംചേർന്ന് മുഖത്ത് ഇടിക്കുന്നതിന്റെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നട്ടെല്ലിൽ മർദിക്കുന്നതിന്റെയും വീഡിയോ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പ്രചരിക്കുന്നുണ്ട്.
മൂന്നുദിവസം മുന്പ് നടന്ന സംഭവത്തിൽ പോലീസ് കേസ് എടുത്തെങ്കിലും സംശാസ്പദമായി ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
അലിയുമായും ഇന്ത്യയിലുള്ള ഭാര്യ റുബിയ ഫാത്തിമ റസ്വിയുമായി ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും കേസിന്റെ വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
ഏഴുദിവസംമുന്പാണ് ഒഹായോയിലെ ലിൻഡർ സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർഥി ശ്രേയസ് റെഡ്ഡി ബെനിഞ്ജറെ (19) മരിച്ച നിലയിൽ കണ്ടെത്തിയത്. അമേരിക്കൻ പാസ്പോർട്ടുള്ള ശ്രേയസിന്റെ മാതാപിതാക്കൾ ഹൈദരാബാദിലാണ്.