ഇമ്രാന്റെയും ബുഷ്റയുടെയും വിവാഹം നിയമവിരുദ്ധം; ഏഴു വർഷം വീതം തടവ്
Sunday, February 4, 2024 12:14 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും കോടതി വീണ്ടും തടവുശിക്ഷ വിധിച്ചു. 2018ലെ ഇവരുടെ വിവാഹത്തിൽ നിയമലംഘനമുണ്ടെന്നു കണ്ടെത്തി ഏഴു വർഷം വീതം തടവും അഞ്ചു ലക്ഷം പാക് രൂപ വച്ച് പിഴയുമാണ് കോടതി വിധിച്ചത്.
മുൻ ഭർത്താവിൽനിന്നു വിവാഹമോചനം നേടിയ ബുഷ്റ, ഇസ്ലാമിക നിയമപ്രകാരമുള്ള കാത്തിരിപ്പു കാലാവധി പൂർത്തിയാക്കാതെ ഇമ്രാനെ വിവാഹം ചെയ്തെന്ന ആരോപണമാണ് തെളിഞ്ഞത്.
അടുത്ത ദിവസങ്ങളിൽ ഇമ്രാനു ലഭിക്കുന്ന മൂന്നാമത്തെയും ബുഷ്റയ്ക്കു ലഭിക്കുന്ന രണ്ടാമത്തെയും തടവുശിക്ഷയാണിത്. സർക്കാർ രഹസ്യം ചോർത്തിയെന്ന കേസിൽ ബുധനാഴ്ച ഇമ്രാന് പത്തു വർഷം തടവുശിക്ഷ ലഭിച്ചിരുന്നു.
സർക്കാരിനു ലഭിച്ച പാരിതോഷികങ്ങൾ വിറ്റു ലാഭമുണ്ടാക്കിയെന്ന കേസിൽ വ്യാഴാഴ്ച ഇമ്രാനും ഭാര്യക്കും 14 വർഷം വീതം തടവുശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ നിലവിൽ ജയിലിലാണ്. വ്യാഴാഴ്ചത്തെ വിധിക്കു പിന്നാലെ ബുഷ്റ ജയിലിൽ കീഴടങ്ങി.