റോമിലെ മാതാവിന്റെ വലിയ പള്ളിയിൽ കബറടക്കണം, ചടങ്ങുകൾ ലളിതമായിരിക്കണം
Thursday, December 14, 2023 12:24 AM IST
വത്തിക്കാൻ സിറ്റി: മരിച്ചാൽ മൃതദേഹം റോമിലെ പരിശുദ്ധ മറിയത്തിന്റെ വലി പള്ളിയിൽ (മേരി മേജർ ബസിലിക്ക) കബറടക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ.
അന്ത്യകർമങ്ങൾ ലളിതമായിരിക്കണം. മെക്സിക്കോയിലെ എൻ ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് തന്നെ വത്തിക്കാനിൽ കബറടക്കേണ്ടെന്നു മാർപാപ്പ വ്യക്തമാക്കിയത്.
മരിയൻഭക്തിക്കു പ്രസിദ്ധനായ ഫ്രാൻസിസ് മാർപാപ്പ കൂടെക്കൂടെ റോമിലെ വലിയ പള്ളിയിലുള്ള പരിശുദ്ധ കന്യാമാതാവിന്റെ ചിത്രത്തിനു മുന്നിൽ പ്രാർഥിക്കാനെത്താറുണ്ട്. അവിടെത്തന്നെ തന്നെ അടക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മാർപാപ്പമാർ കാലംചെയ്തുകഴിഞ്ഞാലുള്ള സുദീർഘ ചടങ്ങുകൾ വേണ്ട. വത്തിക്കാൻ വൃത്തങ്ങളുമായി ഇക്കാര്യം ചർച്ചചെയ്യുന്നുണ്ട്.
അടുത്ത വർഷം ബെൽജിയം, പോളിനേഷ്യ, സ്വദേശമായ അർജന്റീന എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹവും മാർപാപ്പ പ്രകടിപ്പിച്ചു.
മാർപാപ്പമാരുടെ മൃതദേഹങ്ങൾ സാധാരണ വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രോട്ടോയ്ക്കു താഴെയാണ് അടക്കം ചെയ്യാറ്. 1903ൽ ലിയോ പതിമൂന്നാമന്റെ മൃതദേഹം റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലാണ് കബറടക്കിയത്.