കനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ ഇന്ത്യ പുനരാരംഭിച്ചു
Thursday, November 23, 2023 1:37 AM IST
ഒട്ടാവ/ന്യൂഡൽഹി: കാനഡയിൽ ഖാലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് താറുമാറായ ഇന്ത്യ-കനേഡിയൻ നയതന്ത്രബന്ധം സാധാരണനിലയിലേക്കു മടങ്ങുന്നു.
കനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ സേവനം ഇന്ത്യ പുനരാരംഭിച്ചത് മഞ്ഞുരുകലിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. എൻട്രിവിസ, ബിസിനസ് വീസ, മെഡിക്കൽ വീസ എന്നിവയ്ക്കൊപ്പം കോൺഫറൻസ് വീസയും കഴിഞ്ഞ 26 മുതലാണ് അനുവദിച്ചു തുടങ്ങിയത്.
ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതാണ് നയതന്ത്രബന്ധം തകരാറിലാക്കിയത്.
ട്രൂഡോയുടെ ആരോപണം അതിശക്തമായി നിഷേധിച്ച ഇന്ത്യ കനേഡിയൻ പൗരന്മാർക്കുള്ള വീസ താത്കാലികമായി നിർത്തിവയ്ക്കുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.