50 ബന്ദികളെ മോചിപ്പിക്കും; ഗാസയിൽ നാലു ദിവസം വെടിനിർത്തൽ
Wednesday, November 22, 2023 2:19 AM IST
ജറൂസലെം: ഗാസയിൽ നാലു ദിവസം വെടിനിർത്തലിനും 50 ബന്ദികളുടെ മോചനത്തിനും വഴിതെളിഞ്ഞു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് സ്ത്രീകളുടെയും കുട്ടികളെയും മോചനവും വെടിനിർത്തലും സാധ്യമാകുന്നത്. ഇസ്രേലി മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണു ഹമാസുമായുള്ള ധാരണയ്ക്ക് അനുമതി നല്കിയത്. ഇസ്രയേൽ ജയിലുകളിലുള്ള പലസ്തീൻകാരായ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാൻ ധാരണയായിട്ടുണ്ട്. അവരെ വീടുകളിലേക്ക് അയയ്ക്കും. അതേസമയം, കൊലക്കേസ് പ്രതികളെ മോചിപ്പിക്കില്ല.
. 40 കുട്ടികളടക്കം 240 പേരെയാണു ഹമാസ് ബന്ദികളാക്കിയത്. ദിവസവും പത്തു ബന്ദികളെയും 30 പലസ്തീനികളെയും മോചിപ്പിക്കുമെന്നാണു റിപ്പോർട്ട്. ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന സ്ത്രീകളും കുട്ടികളുമായ 150 പലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ ധാരണയായി.
ഭക്ഷണവും മരുന്നും ഇന്ധനവുമായി മുന്നൂറോളം ട്രക്കുകൾ ഗാസയിലേക്ക് ഇസ്രയേൽ അനുവദിക്കുമെന്നും റിപ്പോർട്ടുണ്ട്. ബന്ദിമോചനം വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആരംഭിക്കുമെന്നാണു റിപ്പോർട്ട്.
വെടിനിർത്തൽ കാലയളവിൽ ഗാസയുടെ വടക്കൻമേഖലയിലേക്കു തിരികെ പോകാൻ ജനങ്ങളെ ഇസ്രയേൽ അനുവദിക്കില്ല. വെടിനിർത്തൽ കാലാവധി പൂർത്തിയായാലുടൻ ഗാസാ മുനന്പിൽ ഇസ്രയേൽ സൈനികനീക്കം ആരംഭിക്കും. ഇസ്രയേൽ-ഹമാസ് സംഘർഷം ആരംഭിച്ച് 46-ാം ദിവസമാണു വെടിനിർത്തലിനും ബന്ദിമോചനത്തിനും കളമൊരുങ്ങിയത്.
ബന്ദികളുടെ മോചനത്തിനു പകരം ഭീകരരെ മോചിപ്പിക്കുന്നതിനെതിരേ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ആക്രമണത്തിൽ പരിക്കേറ്റവരും രംഗത്തെത്തി.