ആശാ വർക്കർമാർക്കുള്ള ധനസഹായം കൂട്ടും
Wednesday, March 12, 2025 2:33 AM IST
ന്യൂഡൽഹി: കേരളത്തിലെ ആശാ വർക്കർമാർക്കുള്ള കേന്ദ്രവിഹിതത്തിൽ കുടിശികയൊന്നും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. ആശാ വർക്കർമാർക്കുള്ള ധനസഹായം വർധിപ്പിക്കുമെന്നും രാജ്യസഭയിൽ സിപിഐ അംഗം പി. സന്തോഷ് കുമാറിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
നാഷണൽ ഹെൽത്ത് മിഷനു കീഴിലുള്ള നയരൂപീകരണ സ്ഥാപനമായ മിഷൻ സ്റ്റിയറിംഗ് ഗ്രൂപ്പിന്റെ യോഗത്തിൽ ആശാ വർക്കർമാർ ചെയ്യുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ ആശാ വർക്കർമാർക്കുള്ള ധനസഹായം വർധിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചതായും അതുമായി സർക്കാർ മുന്നോട്ട ു പോകുകയാണെന്നും നഡ്ഡ പറഞ്ഞു.
ആശാ വർക്കർമാരുമായി ബന്ധപ്പെട്ട് കേരളത്തിനു നൽകാനുള്ള കേന്ദ്രവിഹിതം പൂർണമായും സംസ്ഥാനത്തിനു നൽകിയിട്ടുണ്ട്. കുടിശികയൊന്നും നൽകാനില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്നാൽ പണം വിനിയോഗിച്ചതിന്റെ വിശദാംശങ്ങൾ (യൂട്ടിലിറ്റി സർട്ടിഫിക്കറ്റ്) കേരളം ഇതുവരെ കൈമാറിയിട്ടില്ല. ഇതു ലഭിക്കുന്നതനുസരിച്ച് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നഡ്ഡ വ്യക്തമാക്കി.
അതേസമയം, കേന്ദ്രവിഹിതം സംബന്ധിച്ചു ആരോഗ്യമന്ത്രിയുടെ പ്രസ്താവന രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹത്തിനെതിരേ അവകാശലംഘന നോട്ടീസ് നൽകുമെന്നും സന്തോഷ് കുമാർ പ്രതികരിച്ചു.
കേരളത്തിന് ഒന്നും കിട്ടാനില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞതു കള്ളമാണ്. ആകെ 600 കോടിയോളം രൂപ കേന്ദ്രസർക്കാർ നൽകാനുണ്ട്. ഇതിൽ 2023-24 സാന്പത്തികവർഷം മാത്രം 100 കോടി രൂപ കേന്ദ്രവിഹിതമായി കേരളത്തിനു ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശാ വർക്കർമാരുടെ സ്കീം വർക്കേഴ്സ് എന്ന സ്റ്റാറ്റസ് കേന്ദ്രസർക്കാർ മാറ്റാൻ പോകുന്നില്ലെന്നും വേതനവർധന ഉണ്ടാകില്ലെന്നുമാണ് മന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നതെന്നും സന്തോഷ് കുമാർ കൂട്ടിച്ചേർത്തു.
സമരനേട്ടമെന്ന് അസോസിയേഷൻ
തിരുവനന്തപുരം: ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കും എന്ന് പാർലമെന്റിൽ കേന്ദ്രമന്ത്രി നടത്തിയ പ്രഖ്യാപനം കേരളത്തിലെ ആശാ വർക്കർമാർ നടത്തിവരുന്ന സമരത്തിന്റെ നേട്ടമാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ. ലഭിക്കുന്ന ആനുകൂല്യം രാജ്യത്തെ എല്ലാ ആശാ വർക്കർമാർക്കും നേട്ടമാകുമെന്നതിൽ സംഘടന അഭിമാനിക്കുന്നു.
സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന ശക്തമായ രാപകൽ സമരത്തിന്റെ മുപ്പതാം ദിവസമാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സമരത്തിന് ആധാരമായ ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതുവരെ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും മാർച്ച് 17ന് പ്രഖ്യാപിച്ചിരിക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധം വമ്പിച്ച പങ്കാളിത്തത്തോടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആശാ വർക്കർമാരുടെ ആവശ്യങ്ങൾ പ്രാഥമികമായി പരിഗണിക്കേണ്ട സംസ്ഥാന സർക്കാർ ഏറ്റവും സാധാരണക്കാരായ സ്ത്രീ തൊഴിലാളികൾ നടത്തുന്ന സമരത്തെ ആക്ഷേപിക്കാനും അധിക്ഷേപിക്കാനുമാണ് ശ്രമിച്ചത്.
കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നവരൊഴികെ എല്ലാ രാഷ്ട്രീയകക്ഷികളും ഇതര സംഘടനകളും സമരത്തെ ശക്തമായി പിന്തുണച്ചു. കേന്ദ്ര സഹമന്ത്രിയും കേരളത്തിൽ നിന്നുള്ള എംപിമാരും മുൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയും പാർലമെന്റിന്റെ ഇരു സഭകളിലും ശക്തമായി ആശാവർക്കർമാർ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചു. ഇതിനു മറുപടിയായാണ് കേന്ദ്രസർക്കാർ നിലപാട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതൽ വേതനം നൽകുന്നത് സിക്കിമും ആന്ധ്രപ്രദേശും
ന്യൂഡൽഹി: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലുള്ള ആശാ വർക്കർമാരാണ് ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്നതെന്ന സംസ്ഥാന സർക്കാരിന്റെ വാദം തെറ്റാണെന്ന് കേന്ദ്രം. അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര കുടുംബ-ആരോഗ്യക്ഷേമവകുപ്പ് സഹമന്ത്രി പ്രതാപ് റാവു ജാദവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതൽ ആനുകൂല്യം നൽകുന്നത് സിക്കിമാണ്. 10,000 രൂപയാണ് സിക്കിം ആശമാർക്ക് വേതനമായി നൽകുന്നത്. ഇൻസെന്റീവുകളടക്കം ആന്ധ്രപ്രദേശും 10,000 രൂപ ആശമാർക്ക് നൽകുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 6000 രൂപയാണ് കേരളത്തിലെ ആശാ വർക്കർമാർക്കു വേതനമായി ലഭിക്കുന്നത്.