ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
nithyandarai1232025.jpg
Wednesday, March 12, 2025 12:59 AM IST
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള കുടിയേറ്റ നടപടിക്രമങ്ങൾ നിയന്ത്രിക്കുക, ദേശീയസുരക്ഷ വർധിപ്പിക്കുക, താമസ വ്യവസ്ഥകൾ ലംഘിക്കുന്ന വിദേശികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ല് 2025 കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു.
ഇന്ത്യയിലേക്കു വിദേശസഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തിന്റെ പരമാധികാരവും സമാധാനവും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
ബില്ല് പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തിന്റെ അതിർത്തി കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കും. അനധികൃതം കുടിയേറ്റം നിയന്ത്രിക്കുന്നതിനും വ്യാജരേഖകൾ ഉപയോഗിച്ച് രാജ്യത്തേക്ക് കടക്കുന്നവരെ പിടികൂടാനുള്ള നടപടികളും സർക്കാർ ആവിഷ്കരിക്കും.
പൗരത്വം സംബന്ധിച്ച വ്യവസ്ഥകളിൽ കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തും. ഇന്ത്യയിലേക്കുള്ള വീസ നിയമങ്ങളിലും സർക്കാർ മാറ്റം വരുത്തും. പാസ്പോർട്ടോ വീസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിച്ചാൽ അഞ്ചു ലക്ഷം രൂപ വരെ പിഴയോ അഞ്ചു വർഷംവരെ തടവോ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യയിലേക്കു കടന്നാൽ രണ്ടു മുതൽ ഏഴു വർഷം വരെ തടവോ ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപവരെ പിഴയോ ലഭിക്കാം.
വീസ കാലാവധി തീർന്നിട്ടും ഇന്ത്യയിൽ തുടർന്നാൽ മൂന്നു വർഷം തടവോ മൂന്നു ലക്ഷം രൂപ പിഴയോ ലഭിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു. വിദേശികളുടെ മേൽ നിയന്ത്രണം കർശനമാക്കുന്നതിന് നിയന്ത്രണങ്ങൾക്കായി ഇ- ഫോറിനേഴ്സ് രജിസ്ട്രേഷനും ശക്തിപ്പെടുത്തും.