ജാർഖണ്ഡിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊടും കുറ്റവാളി അമൻ സാവോകൊല്ലപ്പെട്ടു
Wednesday, March 12, 2025 12:59 AM IST
ജാർഖണ്ഡ്: പോലീസ് കസ്റ്റഡിയിൽനിന്നു മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൊടും കുറ്റവാളി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ചത്തീസ്ഗഡിലെ റായ്പുരിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അമൻ സാവോയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) റാഞ്ചിയിലേക്കു കൊണ്ടുവരുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
അമൻ സാവോയെ കൊണ്ടുപോയ പോലീസ് വാഹനം രാംഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പലാമുവിൽവച്ച് ഇയാളുടെ സംഘാംഗങ്ങൾ ബോംബെറിഞ്ഞ് ഭീതിപരത്തിയശേഷം ആക്രമിക്കുകയായിരുന്നു. തുടർന്ന് പോലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അമൻ സാവോ കൊല്ലപ്പെടുകയായിരുന്നു.
സുരക്ഷാ ഭടനിൽനിന്ന് തോക്ക് കൈവശപ്പെടുത്തി പോലീസിനുനേരെ വെടിയുതിർക്കുന്നതിനിടെയാണ് അമൻ സാവോ കൊല്ലപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കുണ്ട്. കൊല്ലപ്പെട്ട അമന്റെ പേരിൽ 150ൽപരം കേസുകളാണുണ്ടായിരുന്നത്.